കഴുത്തില്‍ ഷോള്‍ മുറുക്കി, പിന്നില്‍ പണ ഇടപാട്; ആതിരയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കടം വാങ്ങിയ തുക തിരിച്ച് ചോദിച്ചതോടെ ആതിരയെ വകവരുത്തണമെന്ന് ഉറപ്പിച്ച പ്രതി, ആതിരയെ വനത്തിന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

author-image
Greeshma Rakesh
New Update
കഴുത്തില്‍ ഷോള്‍ മുറുക്കി, പിന്നില്‍ പണ ഇടപാട്; ആതിരയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്ന കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി. ആതിരയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണം കാണാതായെന്നും അന്വേഷണത്തില്‍ വ്യക്തമായി.

 

ഏപ്രില്‍ 29 നാണ് അഖില്‍ ആതിരയുമായി അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂറ് പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ച് വരുത്തിയത്. കടം വാങ്ങിയ തുക തിരിച്ച് ചോദിച്ചതോടെ ആതിരയെ വകവരുത്തണമെന്ന് ഉറപ്പിച്ച പ്രതി, ആതിരയെ വനത്തിന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അതിന് ശേഷം ബൂട്ട് ഉപയോഗിച്ച് കഴുത്തില്‍ ഞെരിച്ച് മരണം ഉറപ്പാക്കി. തുമ്പൂര്‍മുഴിയില്‍ നിന്നും അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തിനുള്ളില്‍ മൂന്നൂറ് മീറ്റര്‍ ഉളളിലേക്കായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതക്കിന് ശേഷം നീട്ടിലേക്ക് മടങ്ങിപ്പോയ പ്രതി ഒന്നും സംഭവിക്കാത്ത രീതിയില്‍ അഭിനയിച്ചു.

 

അതിനിടെ ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഏപ്രില്‍ 29 നാണ് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭര്‍ത്താവ് സനല്‍ നല്‍കിയ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാലടി ബസ് സ്റ്റോപ്പില്‍ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി.

ഒരു റെന്റ് എ കാറില്‍ അഖിലും ആതിരയും തുമ്പൂര്‍മുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് അഖിലിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

ആതിരയുടെ കൊലപാതകം സാമ്പത്തിക നേട്ടത്തിന് ആയിരിക്കാമെന്ന് കരുതുന്നതായി എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍ വിശദീകരിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോട്ടത്തിനുശേഷം ലഭ്യമാകുമെന്നും റൂറല്‍ എസ് പി വിശദീകരിച്ചു.

Crime News UPDATES Athira Murder Case Athirappally