കിഴക്കമ്പലം: കിഴക്കമ്പലം വാഴക്കുളം ചെമ്പറക്കി നാലുസെന്റ് കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാക്കാട്ടുമോളം രവിയുടെ മകള്‍ അനുമോളാണു (26) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വാഴക്കുളം നോര്‍ത്ത് എഴിപ്രം കൈപ്പൂരിക്കര മല്ലപ്പള്ളിത്തടം കോളനിയില്‍ രജീഷ് (31) തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായി.
ഭര്‍ത്താവുമായി പിണങ്ങി അനുമോള്‍ സ്വന്തം വീട്ടിലായിരുന്നു താമസം. അടുത്തിടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ അനുമോളുടെ മാതാപിതാക്കള്‍ ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.
ഉച്ചയ്ക്ക് പിതാവ് രവി തിരിച്ചു വീട്ടിലെത്തിയപ്പോഴാണു കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ മകളെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മറ്റൊരാളുമായി അനുമോള്‍ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച് നേരത്തെ ഒട്ടേറെ വഴക്കുകള്‍ ഇരുവരും തമ്മിലുണ്ടായിരുന്നു. ഇതാണ് അനുമോള്‍ സ്വന്തം വീട്ടിലേക്കു പോകാനുള്ള കാരണം.