കോഴിക്കോട് പൊലീസിന് നേരെ യുവാക്കളുടെ അക്രമണം; ജീപ്പ് അടിച്ചുതകര്‍ത്തു, അറസ്റ്റ്

കാക്കൂരില്‍ പൊലീസിന് നേരേ ആക്രമണം. വാഹനങ്ങള്‍ തടഞ്ഞുള്ള പണപ്പിരിവ് ചോദ്യംചെയ്തതിനാണ് ഒരുസംഘം യുവാക്കള്‍ പൊലീസിനെ അക്രമിച്ചത്.

author-image
Greeshma Rakesh
New Update
കോഴിക്കോട് പൊലീസിന് നേരെ യുവാക്കളുടെ അക്രമണം; ജീപ്പ് അടിച്ചുതകര്‍ത്തു, അറസ്റ്റ്

 

കോഴിക്കോട്: കാക്കൂരില്‍ പൊലീസിന് നേരേ ആക്രമണം. വാഹനങ്ങള്‍ തടഞ്ഞുള്ള പണപ്പിരിവ് ചോദ്യംചെയ്തതിനാണ് ഒരുസംഘം യുവാക്കള്‍ പൊലീസിനെ അക്രമിച്ചത്. അക്രമികള്‍ പൊലീസ് ജീപ്പും തകര്‍ത്തു. കാക്കൂര്‍ എസ്.ഐ. അബ്ദുള്‍ സലാം അടക്കമുള്ള പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ചേളന്നൂര്‍ കണ്ണങ്കര സ്വദേശികളായ കെ.എന്‍.സുബിന്‍(26) ഇ.എം.റിജീഷ്(29) വെസ്റ്റ്ഹില്‍ സ്വദേശി ഇ.കെ.അജേഷ്(34) ഇരുവള്ളൂര്‍ സ്വദേശി കെ.എം.അതുല്‍(27) എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞദിവസം രാത്രി കാക്കൂര്‍ ചേളന്നൂര്‍ എട്ടേരണ്ടിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് രാത്രി റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണപ്പിരിവ് നടത്തിയത്. പണം നല്‍കാത്തവരെ ഇവര്‍ അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കാക്കൂര്‍ പൊലീസിനെയും യുവാക്കള്‍ അക്രമിക്കുകയായിരുന്നു.പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും യുവാക്കളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ എസ്.ഐ. അടക്കമുള്ള പൊലീസുകാരെ പ്രതികള്‍ ആക്രമിച്ചു. പൊലീസ് ജീപ്പിന്റെ ചില്ലുകളും വയര്‍ലെസ്സ് സെറ്റിന്റെ ആന്റിനയും അടിച്ചുതകര്‍ത്തു. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

youth kerala police Crime kozhikode