ന്യൂ ഡല്‍ഹി : ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 ആര്‍സിഇപി രാജ്യങ്ങള്‍ക്കിടയിലെ വാണിജ്യ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ( ആര്‍സിഇപി) യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള അവസാന മന്ത്രി തല ചര്‍ച്ചയും പൂര്‍ത്തിയായി. ഇന്ത്യയെ പ്രതിനിധികരിച്ച് വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ യോഗത്തില്‍ പങ്കെടുത്തു. ഒന്‍പതാം തവണയാണ് ആര്‍സിഇപിക്കായി മന്ത്രിതല യോഗം നടന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
10 ആസിയാന്‍ അംഗങ്ങളും (ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം) ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, കൊറിയ, ന്യൂസിലന്‍ഡ് തുടങ്ങിയ അവരുടെ ആറ് വ്യാപാര പങ്കാളികളുമാണ് സമഗ്ര വാണിജ്യ പങ്കാളിത്തം ഉറപ്പാക്കുന്ന കരാറിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രമിക്കുന്നത്. ഇന്ത്യയിലെ വിവിധ വ്യാവസായിക മേഖലകളും രാഷ്ട്രീയ കക്ഷികളും കരാര്‍ വ്യവസ്ഥകള്‍ക്കെതിരേ എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്.
രാര്‍ പ്രകാരം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ 74-80 ശതമാനത്തിലും ഇന്ത്യ ചുമത്തിയിട്ടുള്ള തീരുവ കുറയുകയോ ഇല്ലാതാകുകയോ ചെയ്യും ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമുള്ള 86 ശതമാനം ഇറക്കുമതിക്കും ആസിയാന്‍ രാഷ്ട്രങ്ങള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും കരാറിന്റെ ഭാഗമായി ഇന്ത്യ കസ്റ്റംസ് തീരുവ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഇറക്കുമതി നടത്തുന്ന ചൈന ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളുള്ള ഇത്തരം ഒരു കരാറില്‍ പങ്കാളിയാകുന്നതിന് എതിരേ വലിയ ആശങ്കകള്‍ വ്യാവസായിക-വാണിജ്യ മേഖലകളിലുണ്ട്. ഇന്ത്യയുടെ ആശങ്കകള്‍ എത്രയും വേഗം പരിഹരിച്ച് കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ചൈന ഉള്‍പ്പടെയുള്ള ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളും.