സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിൽ ജോലി വെട്ടിക്കുറച്ച കമ്പനികളുടെ പട്ടികയിലേക്ക് ടെക് മേഖലയിലെ പ്രമുഖ കമ്പനിയായ അഡോബിയും.സാങ്കേതിക കമ്പനികളിലെ പിരിച്ചുവിടലുകളുടെ ലിസ്റ്റിൽ ഏറ്റവും പുതിയതായി ഇടം നേടിയിരിക്കുകയാണ് അഡോബി.ആമസോൺ, ട്വിറ്റർ, മെറ്റാ പിരിച്ചുവിടലുകൾക്ക് പിന്നാലെ, ചെലവ് ചുരുക്കൽ ശ്രമത്തിന്റെ ഭാഗമായി അഡോബിയും ഇപ്പോൾ നൂറോളം ജീവനക്കാരെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
അഡോബി പിരിച്ചുവിടലിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് ബ്ലൂംബെർഗ് ആണ്.ആഗോള സാമ്പത്തികാവസ്ഥകൾക്കിടയിൽ സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബി അതിന്റെ സെയിൽസ് ടീമിൽ നിന്ന് 100 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കൂടുതൽ സാധാരണക്കാരായ ഉപഭോക്താക്കളിലേക്കും ചെറുകിട ബിസിനസ്സുകളിലേക്കും ഉപഭോക്തൃ അടിത്തറ വികസിപ്പിക്കാൻ പദ്ധതിയിടുന്ന സമയത്താണ് അഡോബിയിൽ പിരിച്ചുവിടലുകൾ വരുന്നത്.
സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിച്ചത്.ചില ജീവനക്കാരെ നിർണായക സംരംഭങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാനങ്ങളിലേക്ക് മാറ്റിയതായും കുറച്ച് മറ്റ് ജോലികൾ നീക്കം ചെയ്തതായും ഒരു പ്രസ്താവനയിൽ കമ്പനി അറിയിച്ചു.തങ്ങൾ കൂട്ട പിരിച്ചുവിടലുകൾ നടത്തുന്നില്ലെന്നും നിർണായക റോളുകൾക്കായി ഇപ്പോഴും നിയമനം നടത്തുന്നുണ്ടെന്നും സോഫ്റ്റ്‌വെയർ മേഖലയിലെ പ്രമുഖരായ അഡോബി പ്രസ്താവനയിൽ പറയുന്നു.
2022 ലെ മൂന്നാം പാദത്തിലെ സാമ്പത്തിക റിപ്പോർട്ട് പ്രകാരം, അഡോബിയിൽ ഏകദേശം 2,700 തൊഴിലാളികൾ ജോലി ചെയ്തിട്ടുണ്ട്.വലിയ ടെക് സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അഡോബിയിലെ പിരിച്ചുവിടൽ സമാനമല്ലെങ്കിലും, ആഗോള മാന്ദ്യ സൂചനകൾ ഇപ്പോൾ കമ്പനികളെ ആഴത്തിൽ ബാധിക്കുന്നതിന്റെ ഫലമാണ് ഇപ്പോഴത്തെ പിരിച്ചുവിടലെന്നു കരുതുന്നവരുണ്ട്.
അഡോബിക്ക് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ റെക്കോർഡ് നേട്ടം ഉണ്ടായിരുന്നു. ഏകദേശം 4.43 ബില്യൺ ഡോളർ വരുമാനമാണ് കമ്പനി നേടിയത്. ഇത് പ്രതിവർഷം 15 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, അഡോബി ക്രിയേറ്റീവ് ക്ലൗഡ്, ഡോക്യുമെന്റ് ക്ലൗഡ്, എക്സ്പീരിയൻസ് ക്ലൗഡ് എന്നിവ വർദ്ധിച്ചുവരുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാണ്.