ന്യൂഡല്‍ഹി :ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. നിര്‍ദ്ദിഷ്ട കരാറിനായി കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്ന് അനുമതി തേടുകയും ചെയ്തു.എയര്‍ഏഷ്യ ഇന്ത്യയുടെ ഭൂരിഭാഗ ഓഹരിയായ 83.67 ശതമാനം കൈവശം വച്ചിരിക്കുന്നത് ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. ബാക്കിയുള്ള ഓഹരി മലേഷ്യയിലെ എയര്‍ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിലുമാണ് (എഎഐഎല്‍).
ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം സര്‍വീസ് കാരിയറായ എയര്‍ ഇന്ത്യയും അതിന്റെ ചെലവ് കുറഞ്ഞ സബ്സിഡിയറി എയര്‍ ഇന്ത്യ എക്സ്പ്രസും ഏറ്റെടുത്തിരുന്നു. കൂടാതെ, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സംയുക്ത സംരംഭത്തില്‍ ടാറ്റ വിസ്താര മുഴുവന്‍ സര്‍വീസ് എയര്‍ലൈന്‍ നടത്തുന്നു. എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള വിശാലമായ ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ നീക്കം.
ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരോക്ഷ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ലിമിറ്റഡ് (എഐഎല്‍) എയര്‍ ഏഷ്യ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ (എയര്‍ ഏഷ്യ ഇന്ത്യ/ ടാര്‍ഗെറ്റ്) മുഴുവന്‍ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് നിര്‍ദ്ദിഷ്ട നീക്കമെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യില്‍ സമര്‍പ്പിച്ച നോട്ടീസ് വ്യക്തമാക്കുന്നു
ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള ഡീലുകള്‍ക്ക് സിസിഐയുടെ അംഗീകാരം ആവശ്യമാണ്. അത് മത്സരം വളര്‍ത്തുന്നതിനും വിപണിയിലെ മത്സര വിരുദ്ധ രീതികള്‍ തടയുന്നതിനും വേണ്ടിയാണ്.2014 ജൂണില്‍ പറന്നു തുടങ്ങിയ എയര്‍ഏഷ്യ ഇന്ത്യ, രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത എയര്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട്, എയര്‍ കാര്‍ഗോ ട്രാന്‍സ്പോര്‍ട്ട്, ചാര്‍ട്ടര്‍ ഫ്ലൈറ്റ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇതിന് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്ല.