മുംബൈ: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്കിടയിലും വ്യാപാര ആഴ്ചയിലെ രണ്ടാംദിനവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യസേവനം, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,600ന് മുകളിലെത്തി.
സെൻസെക്സ് 557.63 പോയന്റ് നേട്ടത്തിൽ 48,944.14ലിലും നിഫ്റ്റി 168 പോയന്റ് ഉയർന്ന് 14,653ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 984 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് കരുത്തായത്.
ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൽആൻഡ്ടി, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, മാരുതി സുസുകി, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. മറ്റ് സെക്ടറൽ സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്.