രാജ്യത്തെ ഏറ്റവും വലിയ പൊതുവായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ അറ്റാദായത്തില്‍ 178 ശതമാനം വര്‍ധന. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ലാഭം കഴിഞ്ഞ വര്‍ഷത്തെ 6,068 കോടി രൂപയില്‍നിന്ന് 16,884 കോടിയായി. കഴിഞ്ഞ പാദവുമായ താരതമ്യം ചെയ്യുമ്പോള്‍ 1.13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 3.91 ശതമാനത്തില്‍നിന്ന് 2.76 ശതമാനമാകുകയും ചെയ്തു. വിപണിയുടെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ബാങ്കിന്റെ അറ്റാദായം. നികുതിക്കുശേഷമുള്ള ലാഭം 13,760 കോടി രൂപ മുതല്‍ 16,340 കോടി രൂപവരെയാകുമെന്നായിരുന്നു വിലയിരുത്തല്‍.
അറ്റ പലിശ വരുമാനത്തിലും വര്‍ധനവുണ്ട്. 38,905 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. പ്രവര്‍ത്തന ലാഭമാകട്ടെ 12,753 കോടി രൂപയില്‍നിന്ന് 25,297 കോടിയുമായി. 98.37 ശതമാനമാണ് വര്‍ധന.ജൂണില്‍ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം 33.03 ലക്ഷം കോടി രൂപയാണ് ബാങ്ക് വായ്പയായി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 29 ലക്ഷം കോടി രൂപയില്‍നിന്ന് 14 ശതമാനമാണ് ഈയിനത്തിലെ വര്‍ധന.