ന്യൂഡൽഹി: എസ്ബിഐക്കും കൊടാകിനും പിന്നാലെ ഭവന വായ്പാ നിരക്ക് കുറച്ച് കൂടുതൽ ബാങ്കുകൾ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഭവന വായ്പകൾക്ക് പലിശ നിരക്ക് ആദ്യം കുറച്ചത്. 6.70 ശതമാനമാക്കിയാണ് കുറച്ചത്.
പിന്നാലെ കൊടാക് മഹീന്ദ്ര ബാങ്കും നിരക്ക് കുറച്ചു. ഇതിന് ശേഷം എച്ച്ഡിഎഫ്സി ബാങ്കാണ് നിരക്ക് കുറച്ചത്.
കൊടാക് മഹീന്ദ്ര ബാങ്കിന്റെ നിരക്ക് 6.7 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പലിശ നിരക്ക് 6.75 ശതമാനവുമാണ്.
75 ലക്ഷം വരെയുള്ള വായ്പകൾക്ക് പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചെന്ന് ഐസിഐസിഐ പ്രഖ്യാപിച്ചു. 75 ലക്ഷത്തിന് മുകളിൽ 6.75 ശതമാനമായിരിക്കും പലിശ നിരക്ക്. മാറിയ നിരക്കുകൾ മാർച്ച് 31 വരെ മാത്രമേ ലഭിക്കൂ.
വീട് വാങ്ങാനുള്ള ഏറ്റവും നല്ല അവസരമാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്ക് സെക്വേർഡ് അസറ്റ്സ് തലവൻ രവി നാരായണൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭവന വായ്പ ആവശ്യപ്പെടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പലിശ നിരക്ക് ഇളവ് താത്കാലികം മാത്രമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സ്റ്റാംപ് ഡ്യൂട്ടിയിലെ ഇളവ് അങ്ങിനെയല്ല.
എന്നാൽ വരുന്ന പാദവാർഷികങ്ങളിലും കമ്പനികളിൽ നിന്നും ഡിമാന്റ് കുറയുകയാണെങ്കിൽ വായ്പാ ദാതാക്കൾ പലിശ നിരക്ക് ഇനിയും കുറയ്ക്കാൻ നിർബന്ധിതരാവും.