വായ്പയെടുക്കാന്‍ ആസൂത്രണം ആവശ്യമാണ്. അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വായ്പയുടെ കാര്യത്തില്‍ പാളിച്ചകള്‍ സംഭവിക്കാം. തിരിച്ചടവിനായി ഒരു തുക മാറ്റിവയ്ക്കാമെന്ന് കരുതുമെങ്കിലും ഭാവി ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ തിരിച്ചടവ് അവതാളത്തിലാകും. അതുകൊണ്ടുതന്നെ വ്യക്തമായ കണക്കുകൂട്ടലോടെ മാത്രമേ ഭവനവായ്പ പോലെയുള്ള ദീര്‍ഘകാല വായ്പകള്‍ തെരഞ്ഞെടുക്കാവൂ.
വായ്പയുടെ കാര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ത്തന്നെ സാമ്പത്തികാസൂത്രണം എളുപ്പമാകും. എത്ര തുകവരെ വായ്പയെടുക്കാം എന്ന് കൃത്യമായ ധാരണ ആദ്യമെ വേണം. ഇതിനായി പരിഗണിക്കേണ്ടത് എത്ര തുകവരെ തിരിച്ചടയ്ക്കാനാകും എന്ന കാര്യമാണ്. കാരണം കണക്കുകൂട്ടല്‍ അല്‍പ്പമൊന്നു പിഴച്ചാല്‍ തിരിച്ചടവു മുടങ്ങും. ഇങ്ങനെ മൂന്നുതവണ തിരിച്ചടവ് മുടങ്ങിയാല്‍ അത് കിട്ടാക്കടമെന്ന ഗണത്തിലേക്കാണ് പോകുക. പിന്നെ അത് തിരിച്ചുപിടിക്കാന്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നീക്കങ്ങളാണുണ്ടാകുക. എത്ര തിരിച്ചടയ്ക്കാനാകുമെന്ന് സ്വന്തം വരുമാനത്തിനനുസരിച്ച് സ്വയം കണക്കുകൂട്ടുകയാണ് നല്ലത്. പരമാവധി തുകതന്നെ എടുത്തേക്കാം എന്ന ചിന്ത ശരിയല്ല. ഈ പണം തിരിച്ചടയ്‌ക്കേണ്ടതാണ് എന്ന കാര്യത്തിന് മുന്‍തൂക്കം നല്‍കണം.
വായ്പാ തിരിച്ചടവിനായി എത്രത്തോളം തുക മാറ്റിവയ്ക്കാനാകുമെന്ന് കണക്കുകൂട്ടുമ്പോള്‍ ഒരാളുടെ വരുമാനം മാത്രമായികണക്കാക്കുന്നതിലും നല്ലത് ഭാര്യയുടെയൊ ഭര്‍ത്താവിന്റെയൊ വരുമാനംകൂടി ഇതോടൊപ്പം കണക്കാക്കുന്നതാണ്. മാസശമ്പളക്കാരാണെങ്കില്‍ ഇത് കണക്കാക്കുക കുറച്ചുകൂടി എളുപ്പമാകും.
പിടിത്തങ്ങളെല്ലാം കഴിഞ്ഞ് കൈയില്‍ കിട്ടുന്ന ശമ്പളം എത്രയെന്നു കണക്കാക്കുകയാണു വേണ്ടത്. ഇതിന്റെ ഏതാണ്ട് 40–45 ശതമാനം തുകയെ വായ്പാതിരിച്ചടവിനായി മാറ്റിവയ്ക്കാന്‍ പാടുള്ളു. ഇനി ഈ തുക ഏതെല്ലാം ഇനങ്ങളിലെ വായ്പകളുടെ തിരിച്ചടവിനായി വീതിക്കുമെന്നതിനെക്കുറിച്ചും ധാരണവേണം. വായ്പകളുടെ ഗണത്തില്‍ ഭവനവായ്പകൂടി ഉണ്ടെങ്കില്‍ മാത്രം 45 ശതമാനം തുക തിരിച്ചടവിനായി വിനിയോഗിച്ചാല്‍ മതി. വാഹന വായ്പ മാത്രമാണുള്ളതെങ്കില്‍ തിരിച്ചടവ് 20 ശതമാനത്തിനുള്ളില്‍ ഒതുക്കിനിര്‍ത്താന്‍ ശ്രദ്ധിക്കണം. അതില്‍ക്കൂടുതല്‍ തുക ഉള്‍പ്പെടുത്തുകയാണെങ്കില്‍ കാലാവധി കുറയ്ക്കുന്നതിന്‍ ശ്രമിക്കണം. വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ കാര്യത്തിലും ഇങ്ങനെ ചെയ്യുന്നതാണ് ഉത്തമം.
തിരിച്ചടവ് എന്തെങ്കിലും കാരണത്താല്‍ മുടങ്ങിയാല്‍ അത് വരുത്തിവയ്ക്കുന്ന ബാധ്യത കടുത്തതായിരിക്കും. മാസത്തവണ മുടങ്ങിയാല്‍ അടുത്തതവണ അത് വലിയ ബാധ്യതയാകും. അതുകൊണ്ട് കടം വാങ്ങുന്നത് എത്ര കുറഞ്ഞ തുകയായാലും എത്ര കുറഞ്ഞ കാലത്തേക്കായാലും അതിന്റെ മൊത്തം തിരിച്ചടവ് തുക ശമ്പളത്തിന്റെ 45 ശതമാനത്തില്‍ അധികമാകരുത്.