തൃശ്ശൂർ : റബ്ബറിന് ഏറ്റവും ഉയർന്ന വില കിട്ടാൻ എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും വില താഴേക്ക്. ഇവിടെ വില നിശ്ചയിക്കുന്നത് ബാങ്കോക്കിലെ വില അടിസ്ഥാനമാക്കിയാണ്. അവിടെ ഒറ്റ ദിവസംകൊണ്ട് വില അഞ്ചു രൂപ കയറിയിട്ടും ഇവിടെ ഒരു രൂപ കുറയുകയാണ് ചെയ്തത്. ജനുവരി അവസാനത്തോടെ സീസൺ കഴിയും. ഇപ്പോഴാണ് ഏറ്റവും ഉയർന്ന വില കിട്ടേണ്ടത്.
ഒരു പ്രമുഖ കമ്പനി ഒരു മാസത്തോളമായി നാട്ടിൽനിന്നു റബ്ബർ വാങ്ങുന്നേയില്ല. ഇവർ വാങ്ങിയാലേ വിലയിൽ പ്രതിഫലിക്കൂ. മറ്റു കമ്പനികളും പേരിനുമാത്രമേ വാങ്ങുന്നുള്ളൂ. ഈ സീസണിൽ 131 രൂപയിൽ കൂടുതൽ നൽകാൻ ആരും തയ്യാറായിട്ടില്ല.വിലയില്ലാത്തതിനാൽ റബ്ബർ കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ് കർഷകൻ . അഥവാ കൊടുത്താൽ തരാൻ വ്യാപാരിയുടെ കൈയിൽ ; കാശുമില്ല. ബാങ്കിൽ നിന്ന് ആഴ്ചയിലെ പിൻവലിക്കൽ ; പരിധി 24000 രൂപയായി നിജപ്പെടുത്തിയതാണ് വ്യാപാരികളെ വലച്ചത്.
ബാങ്കോക്ക് വിലയ്ക്കൊപ്പം 25 ശതമാനം നികുതിയും വിവിധ സെസുകളും നൽകിയാലേ കമ്പനികൾക്ക് ഇറക്കുമതി സാധിക്കൂ. ബാങ്കോക്കിൽ ബുധനാഴ്ചത്തെ വില 142 രൂപ. ഇതിനൊപ്പം നികുതിയും സെസുകളും കടത്തുകൂലിയും ചേർത്താൽ 200 രൂപയോളം വരും. എന്നാൽ റബ്ബർ ബോർഡ് ഇവിടെ പ്രഖ്യാപിച്ച വില 129 രൂപയാണ്. ഇത് വൻകിട കമ്പനികളെ സഹായിക്കാനാണെന്ന് കർഷകസംഘടനകൾ ആരോപിക്കുന്നുണ്ട്. റബ്ബർ ബോർ ഡിന്റെ വിലയേക്കാൾ രണ്ടോ മൂന്നോ രൂപ കുറച്ചേ കടയിൽ കർഷകന് കിട്ടൂ.