മുംബൈ: ഇന്ത്യയിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു.മാർച്ചിൽ 5.6 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്.ഫെബ്രുവരിയിൽ 6.4 ശതമാനമായിരുന്നു പണപ്പെരുപ്പം.സാധനങ്ങളുടെയും സേവനങ്ങളുടെയും റീടെയിൽ വിലയെ അടിസ്ഥാനമാക്കിയാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കണക്കാക്കുന്നത്. പണപ്പെരുപ്പം 4 ശതമാനത്തിൽ നിർത്തുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം.
ആർ.ബി.ഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പണപ്പെരുപ്പവും കുറഞ്ഞിരിക്കുന്നത്.ആർ.ബി.ഐ വായ്പനയം പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യമെങ്കിൽ നിരക്ക് ഉയർത്തുന്നത് പരിഗണിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മെയ് മുതൽ റിപ്പോ നിരക്കിൽ 250 ബേസിക് പോയിന്റിന്റെ വർധനയാണ് ആർ.ബി.ഐ വരുത്തിയത്.റീടെയിൽ പണപ്പെരുപ്പം 5.2 ശതമാനമാക്കി കുറക്കുകയാണ് ലക്ഷ്യമെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കിയിരുന്നു.അതേസമയം, എണ്ണവില ഉയർന്നു നിൽക്കുന്നത് റീടെയിൽ പണപ്പെരുപ്പത്തെ സ്വാധീനിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.