രാജ്യത്തെ ട്രെന്‍ഡ് ഫാഷന്‍ സ്റ്റോറുകള്‍ നവീകരിക്കാനൊരുങ്ങി റിലയന്‍സ്. യുവതലമുറയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കംനിധം നൂതനമായ സംവിധാനങ്ങളാണ് സ്‌റ്റോറില്‍ വരാന്‍ പോകുന്നത്.
സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍ മുതല്‍ ഇലക്ട്രോണിക് ഷെല്‍ഫ് ലേബലുകള്‍ വരെയുള്ളവ ഉള്‍പ്പെടുത്തിയാണ് നവീകരണം. പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയില്‍ റിലയന്‍സ് റീട്ടെയില്‍ ഏകദേശം 150 ട്രെന്‍ഡ് സ്റ്റോറുകള്‍ നവീകരിക്കുമെന്നാണ് വിവരം.
ഓരോ ട്രെന്‍ഡ്സ് സ്റ്റോറുകളുടെ മുന്‍ഭാഗം മുതല്‍ അകത്തളങ്ങളിലെ ഇന്റീരിയര്‍ വരെ മാറ്റും. ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, സീലിംഗ്, ഫ്‌ലോറിംഗ് എന്നിവയും ഇനി പുതിയ രൂപത്തിലായിരിക്കും.നിലവില്‍ ഇന്ത്യയില്‍ 1,100-ലധികം നഗരങ്ങളില്‍ 2,300-ലധികം സ്റ്റോറുകള്‍ റിലയന്‍സിനുണ്ട്.
ഫാഷന്‍ & ലൈഫ്സ്റ്റൈല്‍ റീട്ടെയ്ലറായ ട്രെന്‍ഡ്സ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി ആദ്യത്തെ സ്റ്റോര്‍ സൂററ്റില്‍ തുറന്നു. ഭാവിയില്‍ റിലയന്‍സ് റീട്ടെയില്‍ തുറക്കുന്ന എല്ലാ ട്രെന്‍ഡ് സ്റ്റോറുകളും പുതിയ ഫോര്‍മാറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഇക്കാലത്ത് ഉപഭോക്താക്കള്‍ പുതിയതും അതുല്യവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് റിലയന്‍സ് ഫാഷന്‍ & ലൈഫ് സ്‌റ്റൈല്‍ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു.
സൂറത്തിലെ വിഐപി റോഡില്‍ തുറന്നിരിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ട്രെന്‍ഡ് സ്റ്റോറില്‍, സെല്‍ഫ് ചെക്കൗട്ടുകള്‍, ഇലക്ട്രോണിക് ഷെല്‍ഫ് ലേബലുകള്‍, ഡ്യുവല്‍ സൈഡ് ക്യാഷ് ടില്ലുകള്‍ എന്നിങ്ങനെ നിരവധി നവീന സാങ്കേതിക സംവിധാനങ്ങളുണ്ടെന്ന് അഖിലേഷ് പ്രസാദ് പറഞ്ഞു.
റിലയന്‍സ് റീട്ടെയിലിന്റെ വസ്ത്ര വില്‍പ്പനയുടെ പ്രധാന പങ്ക് വഹിക്കുന്നത് ട്രെന്‍ഡ്സ് സ്റ്റോറുകളാണ്. വസ്ത്രങ്ങളും പാദരക്ഷകളും പോലുള്ള സാധനങ്ങള്‍ക്കായി ആളുകള്‍ കൂടുതല്‍ ചെലവഴിക്കുന്നയിടത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.