കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന വില്പന ശൃംഖലകളിലൊന്നായ കേരളം ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ചൊവ്വാഴ്ചയായിരിക്കും ഐപിഒ ആരംഭിക്കുക. രണ്ടുരൂപ മുഖവിലയുള്ള ഓഹരികള്‍ 280-295 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. 50 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. ഉയര്‍ന്ന വിലയില്‍ ലിസ്റ്റ് ചെയ്യാനായാല്‍ ഏതാണ്ട് 2,100 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.
ഓഹരി വില്പന വ്യാഴാഴ്ച സമാപിക്കും. 601.55 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. ഇതില്‍ 250 കോടി രൂപ പുതിയ ഓഹരികളുടെ വില്പനയിലൂടെ കമ്പനിയിലെത്തും. ശേഷിച്ച 351.55 കോടി രൂപയുടെ ഓഹരികള്‍ നിലവിലുള്ള ഓഹരിയുടമകള്‍ വിറ്റഴിക്കുന്നതാണ്. കമ്പനിയില്‍ ഓഹരി പങ്കാളിത്തമുള്ള നിക്ഷേപക സ്ഥാപനമായ ബാന്യന്‍ട്രീ ഗ്രോത്ത് കാപ്പിറ്റലാണ് ഇത് വില്‍ക്കുന്നത്.
പുതുതായി എത്തുന്ന 250 കോടി രൂപയില്‍ 192 കോടി രൂപയും കടബാധ്യതകള്‍ കുറയ്ക്കാനാകും ഉപയോഗിക്കുക. ഇതുവഴി അടുത്ത സാമ്പത്തിക വര്‍ഷം പലിശ ഇനത്തില്‍ 22 കോടി രൂപ ലാഭിക്കാനാകുമെന്ന് കണക്കാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 64.07 കോടി രൂപയും വരുമാനം 4,875 കോടി രൂപയുമായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലാഭം 40.04 കോടിയും വരുമാനം ഏതാണ്ട് 2,835 കോടി രൂപയുമാണ്.