മുംബൈ: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ രാജിവച്ചു. വിവിധ ചട്ടലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് രാജി. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നാണ് വിജയ് ശര്‍മ രാജിവച്ചത്.
പേടിഎം ഇടപാടുകള്‍ എല്ലാം മാര്‍ച്ച് 15നകം നിര്‍ത്തിവയ്ക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 15നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്‌സ് / കറന്റ് അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം പേയ്ടിഎം ബാങ്ക് ഒരുക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നാലെ പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണവും ആരംഭിച്ചിരുന്നു. വിദേശനാണയ വിനിമയ ചട്ട (ഫെമ) ലംഘനത്തിന്റെ പേരിലാണ് അന്വേഷണമെന്നാണ് വിവരം.