തമിഴ്‌നാട്ടിൽ 7,614 കോടി നിക്ഷേപിക്കാൻ ഒല; ഏറ്റവും വലിയ ഇവി ഹബ്ബായേക്കും

തമിഴ്‌നാട് സർക്കാരുമായി, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് ഒല

author-image
Lekshmi
New Update
തമിഴ്‌നാട്ടിൽ 7,614 കോടി നിക്ഷേപിക്കാൻ ഒല; ഏറ്റവും വലിയ ഇവി ഹബ്ബായേക്കും

ചെന്നൈ: തമിഴ്‌നാട് സർക്കാരുമായി, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് ഒല.2024 ഓടെ നാലു ചക്ര ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ പദ്ധതിക്ക് ഇതോടെ കൂടുതൽ മുന്നേറ്റമായി.കൃഷ്ണഗിരി ജില്ലയിൽ 20 ജിഗാ വാട്ട് ബാറ്ററി നിർമ്മാണ യൂണിറ്റ് ആരംഭിക്കും.

പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതോടു കൂടി ഏകദേശം 3,111 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒലയ്ക്ക് സാധിക്കും.ടൂവീലർ, കാർ, ലിഥിയം സെൽ ഗിഗാ ഫാക്ടറികൾ എന്നിവയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബായി ഇത് മാറിയേക്കും.

കമ്പനിയുടെ പോച്ചംപള്ളിയിലെ യൂണിറ്റിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ നിക്ഷേപം ഈ നീക്കം ഹൊസൂർ-കൃഷ്ണഗിരി-ധർമ്മപുരി മേഖലയുടെ ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ യൂണിറ്റുകളുടെയും ഹബ് എന്ന പദവി ഉയർത്തും.ഒലയെ കൂടാതെ, എഥർ, ടിവിഎസ് മോട്ടോർ എന്നിവയും ഹൊസൂരിനടുത്തുള്ള അവരുടെ യൂണിറ്റുകളിൽ നിന്ന് ഇവികൾ നിർമ്മിക്കുന്നുണ്ട്.

“തമിഴ്‌നാട്ടിൽ സംയോജിത ടൂവീലർ, കാർ, ലിഥിയം സെൽ ഗിഗാഫാക്‌ടറികൾ എന്നിവയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് ഒല സ്ഥാപിക്കും.ഇന്ന് തമിഴ്‌നാടുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു,” ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഭവിഷ് അഗർവാളും തമ്മിലാണ് കരാർ ഒപ്പിട്ടത്.ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു കാർ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.ഒല ഇലക്ട്രിക് മൊബിലിറ്റി അതിന്റെ അനുബന്ധ കമ്പനികളായ ഓല സെൽ ടെക്നോളജീസ്, ഒല ഇലക്ട്രിക് ടെക്നോളജീസ് എന്നിവ വഴി കരാർ ഒപ്പുവച്ചു.

tamilnadu ola