ന്യൂഡൽഹി: 2023-28 കാലയളവിലെ ഇന്ത്യയുടെ വിദേശ വ്യാപാര നയം പുറത്തിറക്കി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.പുതിയ നയം രൂപയിൽ വ്യാപാരം നടത്തുന്നത് അന്താരാഷ്ട്രവത്കരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.പുതിയ വ്യാപാരനയം നാളെ മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യയുടെ മൊത്തം കയറ്റുമതി 2021-22 വർഷത്തെ 676 ബില്യൺ ഡോളറിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 760 ബില്യൺ ഡോളർ കടക്കുമെന്നാണ് പ്രവചനമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് സന്തോഷ് സാരംഗി പറഞ്ഞു.പുതിയ വ്യാപാരനയം ഇ-കൊമേഴ്‌സ് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2030 ഓടെ ഇ-കൊമേഴ്‌സ് കയറ്റുമതി 200-300 ബില്യണ്‍ ഡോളറിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.കയറ്റുമതി ബാധ്യതയില്‍ വീഴ്ച വരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പൊതുമാപ്പ് പദ്ധതിയും പുതിയ വ്യാപാര നയത്തിൽ പ്രഖ്യാപിച്ചതായി സന്തോഷ് സാരംഗി പറഞ്ഞു.പുതിയ വിദേശ വ്യാപാര നയത്തിന് കീഴിൽ, ക്ഷീരമേഖലയെ ശരാശരി കയറ്റുമതി ബാധ്യതയിൽ നിന്ന് ഒഴിവാക്കും.
പുതിയ വ്യാപാരനയത്തിൽ ഫരീദാബാദ്, മൊറാദാബാദ്, മിർസാപൂർ, വാരണാസി എന്നിവയെ പുതിയ കയറ്റുമതി മികവ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.പുതിയ നയത്തിൽ കൊറിയർ സേവനങ്ങൾ വഴിയുള്ള കയറ്റുമതിയുടെ മൂല്യപരിധി ഒരു ചരക്കിന് 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായും ഉയർന്നു.നിലവിലെ വ്യാപാര സാഹചര്യത്തിനനുസരിച്ചാണ് പുതിയ വ്യാപാരനയം രൂപകൽപന ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.