കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ 2021 വര്‍ഷത്തെ ബിസിനസ് ട്രെന്‍ഡുകള്‍ പുറത്തുവിട്ടു. ഈ രംഗത്തെ ആദ്യ സീറോ വില്‍പന കമ്മീഷന്‍ മോഡല്‍ കൊണ്ടുവന്ന മീഷോ 17 ദശലക്ഷം സംരംഭകരെയാണ് ഇതുവരെ ബിസിനസിന് പ്രാപ്തമാക്കിയത്. കൗതുകകരമായ കണക്കുകളാണ് മീഷോ 2021ലെ വ്യാപാരവുമായി ബന്ധപ്പെട്ട് പുറത്തുവിടുന്നത്. വാരാന്ത്യ ദിവസങ്ങള്‍ക്ക് പകരം ബുധനാഴ്ചകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മീഷോയില്‍ ഷോപ്പിങ് നടത്തുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. അതേസമയം പുരുഷന്മാര്‍ക്ക് ഞായറാഴ്ചകളാണ് ഇഷ്ടം. ഉച്ചക്ക് 2 മുതല്‍ 3 വരെയുള്ള സമയത്താണ് കൂടുതല്‍ ഷോപ്പിങും.
ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍, ചോപ്പര്‍, പീലര്‍ എന്നിവയാണ് ഷോപ്പിങ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയത്. 45 ലക്ഷത്തിലധികം ബ്ലൂടൂത്ത് ഹെഡ്ഫോണുകളാണ് 2021ല്‍ വിറ്റഴിച്ചത്. 17 ലക്ഷം ചോപ്പറുകളും പീലറുകളും വിറ്റു. സാരികള്‍, കുര്‍ത്തി, കുര്‍ത്ത, പ്രിന്‍റഡ് ബെഡ്ഷീറ്റുകള്‍ എന്നിവയും ഈ വര്‍ഷം വിറ്റഴിച്ച മികച്ച അഞ്ച് ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ മീഷോ ഉപയോക്താക്കളില്‍ 71 ശതമാനത്തിലധികം പേരും മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മൂന്നാം നിര മാര്‍ക്കറ്റുകളില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ പറയുന്നു. 2021 ജൂലൈയില്‍ പ്രഖ്യാപിച്ച സീറോ കമ്മീഷന്‍ മോഡലിലൂടെ മീഷോയിലെ വില്‍പനക്കാര്‍ കമ്മീഷന്‍ ഇനത്തില്‍ 200 കോടി രൂപയാണ് ലാഭിച്ചത്. 2021ല്‍ മീഷോ വില്‍പനക്കാരുടെ എണ്ണം 4 ലക്ഷമായി ഉയരുകയും ചെയ്തു.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഇ-കൊമേഴ്സ് ആപ്പായും മീഷോ മാറി. 2021 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 88.5 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് മീഷോ നേടിയത്. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഏറ്റവും മികച്ച പത്ത് നോണ്‍ഗെയിമിങ് ആപ്പുകളില്‍ ഇടംനേടിയ ഒരേയൊരു ഇന്ത്യന്‍ കമ്പനിയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും മീഷോ ആണ്. 2022 ഡിസംബറോടെ പ്രതിമാസ ഇടപാട് നടത്തുന്ന 100 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും, ഉത്പന്ന പട്ടിക 50 ദശലക്ഷത്തിലധികമാക്കി ഉയര്‍ത്താനുമാണ് മീഷോ ലക്ഷ്യമിടുന്നത്.