വിവാഹം എങ്ങനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കാം എന്നാണ് വിവാഹിതരാകാന്‍ പോകുന്ന മിക്കയാളുകളും ചിന്തിക്കുന്നത്.സിനിമാറ്റിക് ഫീലോടുകൂടിയ ഫോട്ടോഷൂട്ടുകളും വീഡിയോഗ്രഫിയുമൊക്കെയാണ് ഇന്ന് പല വിവാഹാഘോഷങ്ങളെയും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത്.
എന്നാല്‍, ഇതിനെയെല്ലാം കടത്തിവെട്ടി തങ്ങളുടെ വിവാഹാഘോഷം വ്യത്യസ്തമാക്കാന്‍ അഗ്രഹിക്കുന്നവര്‍ക്കായി ഒരു പുതുപുത്തന്‍ ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ബഹിരാകാശ യാത്രാ കമ്പനി. സംശയിക്കണ്ട... വിവാഹം ബഹിരാകാശത്ത് വച്ച് തന്നെ നടത്തിത്തരാമെന്ന വാഗ്ദാനമാണ് കമ്പനനി മുന്‍പോട്ട് വെച്ചിരിക്കുന്നത്.
സ്പേസ് പെര്‍സ്‌പെക്റ്റീവ് എന്ന ബഹിരാകാശ യാത്രാ കമ്പനിയാണ് വിവാഹിതരാകാന്‍ പോകുന്നവര്‍ക്കായി പുതിയ വാഗ്ദാനവുമായെത്തിയിരിക്കുന്നത്. കമ്പനിയുടെ നെപ്ട്യൂണ്‍ ബഹിരാകാശ പേടകം ഉപയോഗിച്ച് ഇത് സാധ്യമാക്കുമെന്നാണ് സ്പേസ് പെര്‍സ്‌പെക്റ്റീവിന്റെ അവകാശ വാദം.
ബഹിരാകാശ യാത്രയ്ക്കായി വൈദ്യശാസ്ത്രപരമായി യോഗ്യരായ ആര്‍ക്കും ഇത് സാധ്യമാകുമെന്ന് കമ്പനി ഉറപ്പ് തരുന്നു. സാധാരണ ബഹിരാകാശ യാത്ര പോലെയുള്ള അനുഭവം ആയിരിക്കില്ലെന്നും ആഡംബരപൂര്‍ണ്ണമായ ഒരു യാത്രയായിരിക്കുമതെന്നുമാണ് കമ്പനി പറയുന്നത്.
ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്‌പേസ് ബലൂണ്‍ ഉപയോഗിച്ച് ഉയര്‍ത്തുകയും വധൂവരന്മാര്‍ക്ക് നെപ്ട്യൂണ്‍ പേടകത്തിനുള്ളില്‍ സുഖമായി ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയും ചെയ്യും. കൂടാതെ വിശ്രമിക്കാനും കോക്ക്‌ടെയിലുകള്‍ പങ്കിടാനും കഴിയുന്ന ഒരു വിശ്രമമുറിയും പേടകത്തിനുള്ളില്‍ അവര്‍ക്കായി ഒരുക്കിയിട്ടുണ്ടാകും.
എന്നാല്‍ നെപ്ട്യൂണ്‍ പേടകത്തിനുള്ളിലെ ഒരു സീറ്റിന്റെ വില $125,000 ആയിരിക്കും. അതായത് ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളില്‍. 2024 ല്‍ പദ്ധതി ആരംഭിക്കാനാണ് സ്പേസ് പെര്‍സ്‌പെക്റ്റീവ് ലക്ഷ്യമിടുന്നത്. ഇതിനോടകം 1000 -ലധികം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്.
സുരക്ഷ ഉറപ്പു നല്‍കുന്നതും അത്യാഡംബരപൂര്‍വ്വമായ വിവാഹ നിമിഷങ്ങളുമാണ് സ്പേസ് പെര്‍സ്‌പെക്റ്റീവ് ദമ്പതികള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. അമേരിക്കന്‍ എയ്റോസ്പേസ് എക്സിക്യൂട്ടീവും എഴുത്തുകാരിയും പ്രഭാഷകയുമായ ജെയ്ന്‍ പോയിന്റര്‍ ആണ് ആഡംബര ബഹിരാകാശ യാത്രാ കമ്പനിയായ സ്‌പേസ് പെര്‍സ്‌പെക്റ്റീവിന്റെ സ്ഥാപകയും സഹ-സിഇഒയും.