തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഷോപ്പിംഗ് സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ മാള്‍ ഒഫ് ട്രാവന്‍കൂര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് 23 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മാള്‍ ഒഫ് ട്രാവന്‍കൂര്‍ ഉദ്ഘാടനം ചെയ്യും. ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന, ഏറ്റവും വലിയ ഷോപ്പിംഗ് മാളില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളുമുണ്ട്.
ആറര ലക്ഷം ചതുരശ്രയടിയില്‍ മൂന്നു നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള മാളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിംഗിനൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഗെയിം പ്ലാസകളും മാള്‍ ഒഫ് ട്രാവന്‍കൂറിന്റെ സവിശേഷതയാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ 300 ലേറെ ഉല്പന്നങ്ങള്‍ 160 ലേറെ ഷോറൂമൂകളിലായി ഒരുക്കിയിട്ടുണ്ട്.
എല്ലാവിഭാഗക്കാര്‍ക്കും അഭിരുചിക്ക് ഇണങ്ങിയ ഉല്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ്, ആഭരണപ്രേമികള്‍ക്ക് വിശാലമായ ജ്വലറി ഷോറൂം, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് ഷോറൂം, ലൈഫ് സ്റ്റൈല്‍ ഉല്പന്നങ്ങള്‍, ഗെയിമിങ്ങ് സോണ്‍, ഫുഡ് പ്ലാസ, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഏഴ് മള്‍ട്ടിപ്ലസ് തീയേറ്ററുകള്‍ എന്നിവയെല്ലാം മാളില്‍ ഒരുക്കിയിട്ടുണ്ട്. ഇഹം ഡിജിറ്റല്‍, കല്യാണ്‍ സില്‍ക്ക്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഷോറൂമുകളും മാളിലുണ്ട്.
1000 ത്തോളം കാറുകളും 1200 ഓളം ഇരുചക്രവാഹനങ്ങളും ഒരേ സമയം പാര്‍ക്കു ചെയ്യാനുള്ള സൗകര്യമുണ്ട്. നിലവില്‍ ഈ സംരംഭത്തിലൂടെ 2000 പേര്‍ക്ക് നേരിട്ടും ആറായിരത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് മാള്‍ ഒഫ് ട്രാവന്‍കൂര്‍ സ്ഥിതി ചെയ്യുന്നത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടങ്ങുന്ന മലബാര്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സാണ് മാള്‍ ഒഫ് ട്രാവന്‍കൂറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.