ദുബായ്: ഈ വർഷം അവസാനത്തോടെ തിരുവനന്തപുരത്തെ ലുലു ഷോപ്പിങ് മാൾ ആരംഭിക്കാനാണ് പദ്ധതിയെന്ന് എം.എ യൂസഫലി. ഒന്നരക്കൊല്ലത്തിനുള്ളിൽ 30 ഹൈപ്പർമാർക്കറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങും.
ബെംഗളൂരുവിൽ ഷോപ്പിങ് മോൾ നിർമാണം പൂർത്തിയായി. ലക്നൗവിൽ നിർമാണം അവസാനഘട്ടത്തിലാണ്.
കോട്ടയം, തൃശൂർ, കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾക്കുള്ള പ്രാരംഭ ജോലികൾ പൂർത്തിയായി. ഭക്ഷ്യസംസ്കരണ ശാലകളുടെ നിർമാണം ജമ്മു കശ്മീരിലും നോയിഡയിലും വൈകാതെ തുടങ്ങും.
ഇ-കോമേഴ്സ് രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്ത് ഫുൾഫിൽമെന്റ് സെന്ററുകൾ കൂടി ആരംഭിക്കും.
പത്തനാപുരം ഗാന്ധിഭവനിൽ അമ്മമാർക്ക് താമസിക്കാൻ ലുലു നിർമിച്ചു നൽകുന്ന ഭവനസമുച്ചയ നിർമാണം 60% പൂർത്തിയായെന്നും കോവിഡ് മൂലം അൽപം വൈകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിൽ കുട്ടികളുടെ ഡിജിറ്റൽ വിദ്യാഭ്യാസം സംബന്ധിച്ച് ഡേറ്റ ലഭ്യമായാൽ ഉടൻ ലുലുവിന്റെ സഹായം നൽകും.
കോവിഡ് കാലത്ത് കമ്പനി നടത്തിയ 3418 റിക്രൂട്ട്മെന്റുകൾ വഴി ഭൂരിഭാഗവും മലയാളികളാണ് ജോലി നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലുലുവിന് ആകെ 57950 ജീവനക്കാരുണ്ട്. 32000 പേർ ഇന്ത്യക്കാരും അതിൽ 29460 പേർ മലയാളികളുമാണുള്ളത്.