ഹൈദരാബാദ്: ലുലു ഗ്രൂപ്പിന്റെ തെലങ്കാനയിലെ ആദ്യ മാളും ഹൈപ്പര്‍മാര്‍ക്കറ്റും ഹൈദരാബാദിലെ കുക്കട്ട്പള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ തെലങ്കാന വ്യവസായമന്ത്രി കെ ടി രാമറാവു, യുഎഇ കോണ്‍സല്‍ ജനറല്‍ ആരെഫ് അല്‍നുഐമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഹൈപ്പര്‍മാര്‍ക്കറ്റ്, ഗെയിംസ് സെന്റര്‍, ലുലു ഫണ്‍ടൂറ, ഇലക്ട്രോണിക്‌സ് ഹോം ഉല്പന്നങ്ങളുടെ ലുലു കണക്ട്, ലുലു ഫാഷന്‍ സ്റ്റോര്‍, 1400 പേര്‍ക്ക് ഇരിക്കാവുന്ന അഞ്ച് തിയേറ്റര്‍ സ്‌ക്രീനുകള്‍, ഫുഡ് കോര്‍ട്ട് എന്നിവയും മാളിലുണ്ട്.
2500ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും. 3500 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നു വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമായി തുറക്കുമെന്നും എം എ യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ സലിം, മുഹമ്മദ് അല്‍ത്താഫ്, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ എ വി ആനന്ദ്, ലുലു ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ എം എ നിഷാദ്, ഡയറക്ടര്‍ ഫഹാസ് അഷറഫ്, സിഒഒ രജിത് രാധാകൃഷ്ണന്‍, ഷോപ്പിങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്സ്, ലുലു തെലങ്കാന ഡയറക്ടര്‍ അബ്ദുള്‍ സലീം, റീജണല്‍ മാനേജര്‍ അബ്ദുള്‍ ഖദീര്‍ ഷെയ്ഖ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.