കൊച്ചി: ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ക്ക് സബ്‌സിഡിയായി 7 കോടി രൂപ വരെ ലഭിക്കുമെന്ന് നിയമ മന്ത്രി പി രാജീവ്. ലോജിസ്റ്റിക്‌സ് കരടു നയത്തിലാണ് ഇക്കാര്യം പറയുന്നത്. 10 ഏക്കര്‍ സ്ഥലമുള്ള പാര്‍ക്കിന് 7 കോടി രൂപയും 5 ഏക്കറുള്ള മിനി പാര്‍ക്കുകള്‍ക്കു 3 കോടി രൂപയുമാണു സബ്‌സിഡി ശുപാര്‍ശ. ലോജിസ്റ്റിക്‌സ് പാര്‍ക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുമെന്നും അനുമതിക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നുമാണു കരട് നയം പറയുന്നത്. ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്കായി വ്യവസായ ഭൂമി പുനര്‍പാട്ടം ചെയ്യാനാകുമെന്നും കരടു നയം പ്രഖ്യാപിച്ചുക്കൊണ്ട് മന്ത്രി പി.രാജീവ് പറഞ്ഞു.
കരടു നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:
ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് ആവശ്യമായ നൈപുണ്യ ശേഷി വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. സ്റ്റോറേജ്, ഗതാഗതം, മറ്റു സേവനങ്ങള്‍ എന്നീ മേഖലകളിലാണു പദ്ധതികള്‍. ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ എന്നിവയ്ക്കു സ്റ്റാംപ് ഡ്യൂട്ടി ഇളവ് നല്‍കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ലോജിസ്റ്റിക്‌സ് കോഓര്‍ഡിനേഷന്‍ സമിതി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന ലോജിസ്റ്റിക്‌സ് സെല്‍, നഗരങ്ങള്‍ക്കായി പ്രത്യേക സമിതി എന്നിവ രൂപീകരിക്കും.