പ്രവാസി ചിട്ടി; രജിസ്‌ട്രേഷന്‍ ജൂണ്‍ 12 മുതല്‍

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടി രജിസ്ട്രേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 12-ന് ഉദ്ഘാടനം ചെയ്യും.

author-image
Kavitha J
New Update
പ്രവാസി ചിട്ടി; രജിസ്‌ട്രേഷന്‍ ജൂണ്‍ 12 മുതല്‍

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടി രജിസ്ട്രേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 12-ന് ഉദ്ഘാടനം ചെയ്യും. അതേ സമയം, ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ യു.എ.ഇ.യില്‍ വെച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും. ഈ പ്രവാസിച്ചിട്ടിയുടെ ആദ്യഘട്ടത്തില്‍ യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് മാത്രമാണ് ചേരാനാവുക.

രണ്ടാം ഘട്ടത്തില്‍ ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചുള്ള ഹലാല്‍ ചിട്ടി തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ചിട്ടി ഇടപാടുകള്‍, ലേലവും ഈടുനല്‍കലും ഉള്‍പ്പടെ പൂര്‍ണമായി ഓണ്‍ലൈനിലാണ് നടത്തുക. ഇതിനു വേണ്ട സോഫ്റ്റ്വേര്‍ എന്‍.ഐ.സി.യും സി-ഡാക്കും ചേര്‍ന്നാണ് നിര്‍മിച്ചത്. ഇത് തോമസ് ഐസക്ക് പ്രകാശനം ചെയ്തു.

ചിട്ടിയിലെത്തുന്ന പണം കിഫ്ബി വഴി ബോണ്ടുകളി മാറ്റും. മലയോരഹൈവേ സീരീസ്, തീരദേശഹൈവേ സീരീസ് എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് . ഈ പദ്ധതി കിഫ്ബിയിലൂടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

3000 രൂപയില്‍ തുടങ്ങി 25,000 രൂപവരെയുള്ള ചിട്ടികള്‍ക്കാണ് പ്രാരംബഘട്ടത്തില്‍ രൂപം കൊടുത്തിരിക്കുന്നത്. ഇതിന്‌റെ കാലാവധി 30 മുതല്‍ 60 മാസം വരെയാണന്ന് കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു. ചിട്ടിയില്‍ ചേര്‍ന്നശേഷം വിദേശത്തുനിന്ന് മടങ്ങേണ്ടിവന്നാലും പ്രവാസിച്ചിട്ടിയില്‍ തുടരാം. പത്തുലക്ഷം വരെയുള്ള തുകയ്ക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കും. ചിട്ടിയില്‍ ചേര്‍ന്നവര്‍ അപകടത്തില്‍പ്പെടുകയോ മരിക്കുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ഇതിന്‌റെ നടത്തിപ്പിനായി തിരുവനന്തപുരത്ത് കോള്‍സെന്റര്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ചിട്ടിയില്‍ ആളെ ചേര്‍ക്കാന്‍ ലേബര്‍ ക്യാമ്പുകളില്‍ ഏജന്റുമാരും ഉണ്ടാവും. 6.67 ലക്ഷം വരിക്കാരെയാണ് ഈ ഘട്ടത്തില്‍ ആവശ്യമുള്ളത്.

കിഫ്ബി മേധാവിയായ കെ.എം. എബ്രഹാം പ്രവാസിച്ചിട്ടി കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് പറഞ്ഞു. 10 മുതല്‍ 12 ശതമാനംവരെയാണ് ലാഭ ശതമാനം.ധനവിനിയോഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് കൗശിക്, രജിസ്ട്രേഷന്‍ ഐ.ജി. കെ.എന്‍.സതീഷ്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ എം.പുരുഷോത്തമന്‍, സി-ഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. പി.വി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ksfe