കൊച്ചി: ഐടി രംഗത്ത് ശരിയായ ദിശാബോധത്തോടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി ജ്യോതിര്‍മയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു 4ലക്ഷം ചതുരശ്ര അടിയില്‍ പത്തു നിലകളാണ് കെട്ടിട സമുച്ചയത്തിലുള്ളത്.
ഇന്‍ഫോപാര്‍ക്കിന്റെ ആദ്യഘട്ട പ്രദേശത്ത് 30,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് അമ്പതിനായിരമായി ഉയരും. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ എണ്‍പതിനായിരം പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഉണ്ടാകും. ജ്യോതിര്‍മയ കെട്ടിടസമുച്ചയത്തില്‍ തന്നെ നാലായിരത്തോളം പേര്‍ക്ക് ജോലിചെയ്യാനാകും. 160 എക്കര്‍ സ്ഥലമാണ് രണ്ടാം ഘട്ടത്തില്‍ ഏറ്റെടുത്ത് വികസിപ്പിച്ചു വരുന്നത്.
ആഗോളമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിലുണ്ട്. രണ്ടാംഘട്ടവികസനം പൂര്‍ത്തിയാക്കുന്നതോടെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ആശുപത്രികളും പാര്‍പ്പിടസമുച്ചയങ്ങളുമുള്ള പ്രത്യേകടൗണ്‍ഷിപ്പ് ആയി ഇന്‍ഫോപാര്‍ക്ക് മാറും. നടന്നു പോയി ജോലി ചെയ്യാവുന്ന വോക്ക് ടു വര്‍ക്ക് കാമ്പസ് ആകും ഇന്‍ഫോപാര്‍ക്ക്. ഏകദേശം ഒരുലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടും.
കോഗ്‌നിസന്റ് ടെക്‌നോളജി, യുഎസ്ടി ഗ്‌ളോബല്‍, മുത്തൂറ്റ്, മീഡിയ സിസ്റ്റം, കൊശമറ്റം, ക്‌ളേസിസ്, പടിയത്ത്, കാസ്പിയന്‍ എന്നിവയുടെ ഐടി കാമ്പസ് പദ്ധതികളെല്ലാം പൂര്‍ണമായി സജ്ജമാകുന്നതോടെ 3000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും. സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ ഉറപ്പു നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫോപാര്‍ക്ക് പരിസരത്തേക്കുള്ള ഗതാഗതസൗകര്യം ഇതോടൊപ്പം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ മെട്രോ ലെയിന്‍ കാക്കനാടു വരെ നീട്ടുന്നതോടെ ഗതാഗതസൗകര്യം മികച്ചതാകും. വൈറ്റില ഹബ്ബില്‍ നിന്നും രാജഗിരി വരെയുള്ള ജലഗതാഗതം ഇന്‍ഫോപാര്‍ക്ക് വരെ നീട്ടും.
വി.പി. സജീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ആശാസനില്‍, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ.സഫീറുള്ള, കൊച്ചി സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ സഫീന എ.എന്‍, വടവുകോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി അബൂബക്കര്‍, ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.