മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയെ മറികടക്കുക മറ്റുളളവര്‍ക്ക് ഇനി അത്ര എളുപ്പമാകില്ല. തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ വമ്പന്‍ ഇടപാടിന് തയ്യാറെടുക്കുകയാണ് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. നിയോ വിഭാഗത്തില്‍പ്പെടുന്ന പുതിയ 300 വിമാനങ്ങള്‍ക്കാണ് ഇന്‍ഡിഗോ എയര്‍ബസിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലോകത്തെ വിമാനക്കമ്പനികള്‍ക്ക് ഏറെ പ്രിയപ്പെട്ട എ320 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് എയര്‍ബസില്‍ നിന്ന് ഇന്‍ഡിഗോ വാങ്ങുന്നത്.
എയര്‍ബസിന് ഒരു എയര്‍ലൈന്‍ കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്. ക്യാറ്റലോഗ് വില അനുസരിച്ച് മൊത്തം 33 ബില്യണ്‍ ഡോളര്‍ ഇടപാടാണിത്. നിലവില്‍ 250 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍ഡിഗോ ഫ്‌ളീറ്റിലേക്ക് വന്‍ വാങ്ങല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആകെ വിമാനങ്ങളുടെ എണ്ണം 550 ആയി മാറും. ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ പരാജയത്തെ തുടര്‍ന്ന് വിപണിയില്‍ പരുങ്ങലിലായ ബോയിംഗിനെ മറികടക്കാന്‍ എയര്‍ബസിന് മികച്ച അവസരം നല്‍കുന്ന തരം ഇടപാട് കൂടിയാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍.