ദില്ലി: 2022-2023 സാമ്പത്തിക വര്‍ഷം 85,000 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഇനങ്ങളുടെ പ്രാദേശിക ഉത്പാദനം കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയില്‍ രാജ്യം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ) നല്‍കിയ കണക്ക് പ്രകാരം 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്മാര്‍ട്ട്ഫോണാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. മാത്രമല്ല പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ എന്നിവ ഇതിനു സഹായകമായി.
നിലവില്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് രാജ്യങ്ങള്‍ യുഎഇ, യുഎസ്, നെതര്‍ലാന്‍ഡ്സ്, യുകെ, ഇറ്റലി എന്നിവയാണെന്ന് ഐസിഇഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
40 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം നടക്കുമെന്നും കയറ്റുമതി 25 ശതമാനം ഉയരുമെന്നും ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹിന്ദ്രൂ ഇതിനുമുമ്പായി തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ 97 ശതമാനവും തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് നിലവില്‍ ഇന്ത്യ.
ഈ വര്‍ഷം മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ രാജ്യം ഒരു ലക്ഷം കോടി രൂപ കടക്കുമെന്നതിനാല്‍ 2023 ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.2022-ല്‍ ഇന്ത്യ 80-85 ശതമാനം ഐഫോണുകള്‍ നിര്‍മ്മിച്ചതോടെ ചൈനയ്ക്ക് തുല്യമായി ഉയര്‍ന്നിരുന്നു.
2027-ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യ നിര്‍മ്മിക്കാനുള്ള സാധ്യതയുണ്ട്. കണക്കുകള്‍ പ്രകാരം, ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ ഉത്പാദന ശൃംഖലയുടെ കുടിയേറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ഇന്ത്യയും വിയറ്റ്നാമും മാറും.
2022 അവസാനത്തോടെ ഐഫോണുകളുടെ മൊത്തത്തിലുള്ള ഉല്‍പ്പാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണ്. ഡിസംബറില്‍ 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റുമതി ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ പ്ലെയറാണ് ആപ്പിള്‍. നിലവില്‍ ഐഫോണുകള്‍ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിര്‍മ്മിക്കുന്നു.