കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ച ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ വന്‍ കുതിപ്പുണ്ടാക്കുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് വിവിധ ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 15 മുതല്‍ 60 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. റീട്ടെയ്ല്‍,ഗ്രാമീണ, കോര്‍പ്പറേറ്റ് ഉപഭോക്താക്കളില്‍ നിന്നും വായ്പാ ആവശ്യം ഗണ്യമായി കൂടുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളനുസരിച്ച് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം വായ്പകള്‍ 62 ശതമാനം ഉയര്‍ന്ന് 24.69 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ വായ്പ 1.52 ലക്ഷം കോടി രൂപയിലാണ്. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തേക്കാള്‍ വായ്പാ വിതരണത്തില്‍ 4.9 ശതമാനം വര്‍ദ്ധനയുണ്ട്. ആഭ്യന്തര വിപണിയില്‍ റീട്ടെയ്ല്‍ വായ്പകളുടെ വിതരണത്തില്‍ 111 ശതമാനം വര്‍ദ്ധനയാണുണ്ടായത്. വാണിജ്യ, ഗ്രാമീണ മേഖലകളില്‍ 31.5 ശതമാനവും കോര്‍പ്പറേറ്റ് മേഖലകളില്‍ 11 ശതമാനവും വളര്‍ച്ചയാണ് ബാങ്കിന്റെ വായ്പാ വിതരണത്തിലുണ്ടായത്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ വായ്പകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 20 ശതമാനം ഉയര്‍ന്ന് 3.26 ലക്ഷം കോടി രൂപയിലെത്തി. പ്രമുഖ പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ വായ്പ ഇക്കാലയളവില്‍ 14.91 ശതമാനം ഉയര്‍ന്ന് 2.4 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ വായ്പ 2.08 ലക്ഷം കോടി രൂപയായിരുന്നു. സെപ്തംബറില്‍ ബാങ്കിന്റെ മൊത്തം വായ്പ 2.31 ലക്ഷം കോടി രൂപയായിരുന്നു.