മുംബൈ: ബാങ്കിങ് ഓംബുഡ്‌സ്മാനിന് ലഭിക്കുന്ന പരാതികളില്‍ വര്‍ധനവ് രേഖപ്പെടുത്തി. 68 ശതമാനം പരാതികളാണ് ഓംബുഡ്‌സ്മാനിന് ലഭിച്ചത്. റിസര്‍വ് ബാങ്കിന്റെ കേന്ദ്രീകൃത ഓംബുഡ്‌സ്മാന്‍ പദ്ധതിപ്രകാരം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവയുടെ സാമ്പത്തിക സേവനങ്ങള്‍ക്കും എതിരേ ലഭിച്ച പരാതികളുടെ എണ്ണത്തിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷം ആകെ 7.03 ലക്ഷം പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. 2021- 22ലെ 4.18 ലക്ഷത്തെക്കാള്‍ 68.24 ശതമാനമാണ് വര്‍ധനയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊബൈല്‍- ഇലക്ട്രോണിക് ബാങ്കിങ്, വായ്പകള്‍, എ.ടി.എം., ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പെന്‍ഷന്‍ വിതരണം എന്നിങ്ങനെയുള്ള സേവനങ്ങളിലാണ് പരാതികളിലധികവും.
ആര്‍.ബി.ഐ.യുടെ 22 ഓംബുഡ്‌സ്മാന്‍ കേന്ദ്രങ്ങള്‍ വഴിയും ചണ്ഡീഗഢിലെ പരാതി സ്വീകരിക്കാനും പരിഹരിക്കാനുമുള്ള കേന്ദ്രത്തിലൂടെയും (സി.ആര്‍.പി.സി.) 97.99 ശതമാനം പരാതികളും തീര്‍പ്പാക്കിയിട്ടുണ്ട്. ആകെയുള്ള 7,03,544 പരാതികളില്‍ ആര്‍.ബി.ഐ.യുടെ ഓംബുഡ്‌സ്മാന്‍വഴി 2.35 ലക്ഷം പരാതികളും സി.ആര്‍.പി.സി. വഴി 4.69 ലക്ഷം പരാതികളുമാണ് തീര്‍പ്പാക്കിയത്. സി.ആര്‍.പി.സി.യിലെത്തിയ 5,89,504 പരാതികളില്‍ 1,11,574 എണ്ണം ഓംബുഡ്‌സ്മാനു കൈമാറിയിരുന്നു. തുടര്‍ച്ചയായ ബോധവത്കരണവും പരാതിനല്‍കാനുള്ള സംവിധാനം ലളിതവത്കരിച്ചതും പരാതികള്‍ കൂടാന്‍ കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതികള്‍ തീര്‍പ്പാക്കാനെടുത്ത ശരാശരിസമയം മുന്‍വര്‍ഷത്തെ 44 ദിവസത്തില്‍നിന്ന് 33 ദിവസമായി കുറഞ്ഞിട്ടുമുണ്ട്.
ചണ്ഡീഗഢ്, ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പരാതികള്‍ കൂടുതല്‍. മിസോറം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പുര്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുറവും. മൊത്തം പരാതികളില്‍ 85.64 ശതമാനംവരെ ഡിജിറ്റല്‍ രൂപത്തിലാണ് ലഭിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്താണ് ആര്‍.ബി.ഐ. ഓംബുഡ്‌സ്മാനുള്ളത്. ഇവിടെ 11,377 പരാതികള്‍ തീര്‍പ്പാക്കി. 2020-21 കാലത്ത് 7122 പരാതികളും 2021-22ല്‍ 8133 പരാതികളുമായിരുന്നു ഇവിടെ പരിഹരിച്ചത്.