കോഴിക്കോട്: ചെങ്കടല്‍ പ്രതിസന്ധി നേരിടുമ്പോഴും കേരളത്തില്‍നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന. 2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വര്‍ധനവുണ്ടായതായാണ് പുറത്തുവരുന്ന കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022 ഒക്ടോബറില്‍ 12,531, നവംബറില്‍ 11,020, ഡിസംബറില്‍ 10,469 എന്നിങ്ങനെയാണ് വല്ലാര്‍പാടം ടെര്‍മിനല്‍ വഴി കൊണ്ടുപോയ കണ്ടെയ്‌നറുകള്‍. 2023-ല്‍ യഥാക്രമം 13,344, 11,594, 13,643 എന്നിങ്ങനെ ഉയര്‍ന്നു.ഡിസംബറിലാണ് ഏറ്റവും വലിയ വര്‍ധന ഉണ്ടായിരിക്കുന്നത്, 30 ശതമാനം. ഒക്ടോബറില്‍ 6.49 ശതമാനവും നവംബറില്‍ 5.21 ശതമാനവും വര്‍ധിച്ചു.
ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരേയുണ്ടാവുന്ന ആക്രമണങ്ങള്‍ മൂലമുണ്ടാവുന്ന നഷ്ടമില്ലെങ്കില്‍ കയറ്റുമതി ഇതിലും ഉയര്‍ന്നേനെയെന്നാണ് വിലയിരുത്തല്‍.
കയറ്റുമതിയില്‍ ഉയരത്തിലേക്കു കുതിച്ചത് കയറും കയര്‍ ഉത്പന്നങ്ങളുമാണ്. വിദേശ ഇന്ത്യക്കാരോടൊപ്പം വിദേശീയരിലും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളോട് പ്രിയം കൂടുന്നതാണ് കയര്‍ ഉത്പന്നങ്ങള്‍ക്ക് തുണയായത്. 72 ശതമാനമാണ് വര്‍ധന.
2022-ല്‍ ചകിരിനാര് 57 കണ്ടെയ്‌നറും ചകരികൊണ്ടുള്ള പായ 2,845 കണ്ടെയ്‌നറും ചകിരിയുടെ ചവിട്ടികളും പരവതാനികളും 248 കണ്ടെയ്‌നറും മറ്റു കയര്‍ ഉത്പന്നങ്ങള്‍ 1,282 കണ്ടെയ്‌നറുമാണ് കയറ്റുമതി ചെയ്തത്.
2023-ല്‍ ചകിരിനാര് 62 കണ്ടെയ്‌നറും ചകിരികൊണ്ടുള്ള പായ 3,207, ചകിരിയുടെ ചവിട്ടികളും പരവതാനികളും 612, മറ്റ് കയര്‍ ഉത്പന്നങ്ങള്‍ 3,756 കണ്ടെയ്‌നറുകളിലാണ് പോയത്.