കൊച്ചി: അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങള്‍ വന്‍ തോതില്‍ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യല്‍ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയില്‍ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്.
എന്നാല്‍, ഇന്ത്യയില്‍ 19 ശതമാനവും പത്രങ്ങള്‍ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതലാണിതെന്ന് മാഡിസണ്‍ അഡ്വര്‍ടൈസിങ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിട്ടുമാറാത്ത പത്രവായനാ ശീലവും പാരമ്പര്യവുമാണു കാരണമെന്ന് മാഡിസണ്‍ വേള്‍ഡ് ചെയര്‍മാന്‍ സാം ബല്‍സാര ചൂണ്ടിക്കാട്ടി.
അച്ചടിക്കു കിട്ടുന്ന പരസ്യവരുമാനത്തില്‍ 7% വര്‍ധന കഴിഞ്ഞ വര്‍ഷം ഉണ്ടായി. കോവിഡിനു മുന്‍പുള്ള സ്ഥിതിയിലെത്തുകയും ചെയ്തു. വായനക്കാര്‍ ഡിജിറ്റല്‍ ലോകവും സോഷ്യല്‍ മീഡിയയും മടുത്ത് അച്ചടി മാധ്യമങ്ങളിലേക്കു തിരിച്ചു വരുന്ന പ്രവണത കൂടുന്നത് ഇതിനു കാരണമാണെന്നു ബാങ് ഇന്‍ ദ് മിഡില്‍ മാനേജിങ് പാര്‍ട്‌നര്‍ പ്രതാപ് സുതന്‍ പറഞ്ഞു.