ഡിജിറ്റൽ ആസ്തികളുടെ മേൽനോട്ടവും,ഇടപാടുകളും കർശനമാക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിൽ, ക്രിപ്‌റ്റോ ട്രേഡിംഗ്,സേഫ് കീപ്പിംഗ്,അനുബന്ധ സാമ്പത്തിക സേവനങ്ങൾ എന്നിവ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ.ഇതു സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചു.
ഇനി മുതൽ വെർച്വൽ ഡിജിറ്റൽ ആസ്തികൾ (VDA) കൈകാര്യം ചെയ്യുന്ന ക്രിപ്റ്റോഎക്സ്ചേഞ്ചുകളും ഇടനിലക്കാരും പ്ലാറ്റ്ഫോമിലെ ക്ലയിന്റുകളുടേയും, ഉപയോക്താക്കളുടേയും കെവൈസി നിർബന്ധമായും നൽകേണ്ടതുണ്ട്.ഇല്ലാത്ത പക്ഷം ഇത്തരം ഇടപാടുകളെ സാമ്പത്തികകാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്റലിജൻസ് വകുപ്പ് സംശയാസ്പദമായ പ്രവർത്തനമായി വിലയിരുത്തും.
ബാങ്കുകൾ,ധനകാര്യ സ്ഥാപനങ്ങൾ,റിയൽ എസ്റ്റേറ്റ്,ജ്വല്ലറി മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ,കാസിനോകൾ എന്നിവയ്ക്ക് കീഴിൽ വെർച്വൽ ഡിജിറ്റൽ ആസ്തികളിലൂടെ ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾ 'റിപ്പോർട്ടിംഗ് സ്ഥാപനമായി'പിഎംഎൽഎ പരിഗണിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.ഈ നിയമപ്രകാരം, എല്ലാ റിപ്പോർട്ടിംഗ് സ്ഥാപനവും എല്ലാ ഇടപാടുകളുടെയും റെക്കോർഡ് സൂക്ഷിക്കേണ്ടതുണ്ട്.
ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ക്രിപ്റ്റോ ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ക്രിപ്റ്റോ കറൻസിയെ പിഎംഎൽഎയുടെ പരിധിയിൽ കൊണ്ടുവരുന്നത്.ഇതിലൂടെ, ബാങ്കുകളോ സ്റ്റോക്ക് ബ്രോക്കർമാരോ പോലുള്ള മറ്റ് നിയന്ത്രിത സ്ഥാപനങ്ങൾ പിന്തുടരുന്നതിന് സമാനമായ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ മാനദണ്ഡങ്ങൾ പിന്തുടരാൻ ഡിജിറ്റൽ അസറ്റ് പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നു.
വെർച്വൽ ഡിജിറ്റൽ അസറ്റുകളും ഫിയറ്റ് കറൻസികളും തമ്മിലുള്ള കൈമാറ്റം, വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ ഒന്നോ അതിലധികമോ രൂപങ്ങൾ തമ്മിലുള്ള കൈമാറ്റം, വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ കൈമാറ്റം, വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ അല്ലെങ്കിൽ വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ മേൽ നിയന്ത്രണം പ്രാപ്തമാക്കുന്ന ഉപകരണങ്ങളുടെ സംരക്ഷണം,ഒരു വെർച്വൽ ഡിജിറ്റൽ അസറ്റിന്റെ ഇഷ്യൂവറുടെ ഓഫറും വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക സേവനങ്ങളിലെ പങ്കാളിത്തവും വ്യവസ്ഥയും എന്നിങ്ങനെയുള്ളവയ്ക്കെല്ലാം,ഇനി പരിരക്ഷ ലഭിക്കുക 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിലായിരിക്കും. വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കുന്നു.