ന്യൂഡല്‍ഹി: ഗൂഗിളിനും ആമസോണിനും തിരിച്ചടിയായി ഡിജിറ്റല്‍ കോംപറ്റീഷന്‍ ബില്‍. വമ്പന്‍ ടെക് കമ്പനികള്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ സ്വന്തം ഉല്‍പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ പ്രത്യേക പരിഗണന നല്‍കുന്നത് തടയാന്‍ കരട് ഡിജിറ്റല്‍ കോംപറ്റീഷന്‍ ബില്ലില്‍ വ്യവസ്ഥ. വമ്പന്‍ കമ്പനികളുമായി ബന്ധമുള്ള മറ്റു കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇത്തരത്തിലുള്ള പരിഗണന നല്‍കാന്‍ പാടില്ല.
ആമസോണ്‍ അവരുടെ സ്വന്തം ബ്രാന്‍ഡ് ആയ 'ആമസോണ്‍ ബേസിക്‌സി'ന് പ്രത്യേക പരിഗണന നല്‍കിയത് വിവാദമായിരുന്നു. ഗൂഗിളിന് താല്‍പര്യമുള്ള വെബ്‌സൈറ്റുകള്‍ക്ക് സെര്‍ച്ചില്‍ പ്രാമുഖ്യം നല്‍കുന്നതിനും നിയന്ത്രണം വരാം.
മറ്റ് ആപ്പുകള്‍, സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിന് വമ്പന്‍ ടെക് കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. തങ്ങളുടെ ഒന്നിലേറെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ (ബണ്ടിലിങ്) ടെക് കമ്പനികള്‍ക്ക് ഉപയോക്താക്കളെ നിര്‍ബന്ധിക്കാനുമാവില്ല. കരട് ബില്ലിന്മേല്‍ ഏപ്രില്‍ 15 വരെ അഭിപ്രായം അറിയിക്കാം. ലിങ്ക്: bit.ly/mcacompb