തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊക്കോണിക്‌സിനെ പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.നേരത്തെ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന പദ്ധതിയെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയാണ് പദ്ധതിയുടെ ഘടന പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
പൊതുമേഖലക്ക് പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ ഓഹരി മൂലധന അനുപാതത്തില്‍ മാറ്റം വരുത്തിയാണ് പുനഃസംഘടന.ഏറെ പ്രാധാന്യത്തോടെ സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി നിര്‍മാണത്തിലും വിതരണത്തിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.ഈ സാഹചര്യത്തിലാണ് പദ്ധതി അടിമുടി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പുനഃസംഘടന പ്രകാരം 28.90 ശതമാനം ഓഹരി കെല്‍ട്രോണിനും 22.10 ശതമാനം ഓഹരി കെ എസ് ഐ ഡി സിക്കും നല്‍കി 51 ശതമാനം ഓഹരി പൊതുമേഖലയില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ യു എസ് ടി ഗ്ലോബലിന് 49 ശതമാനവും സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്‌സലറോണിന് രണ്ടു ശതമാനവും ഓഹരി നല്‍കിയ പദ്ധതിയില്‍ നേരത്തെ സ്വകാര്യ മേഖലക്കായിരുന്നു മുന്‍തൂക്കം ലഭിച്ചിരുന്നത്.
ഒപ്പം സ്വകാര്യ ഐ ടി കമ്പനിയായ യു എസ് ടിയില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിക്കും.കെട്ടിലും മട്ടിലും പുതുമകളോടെ കെല്‍ട്രോണ്‍ ബ്രാന്‍ഡില്‍ വിപണി പിടിക്കാനാണ് ലക്ഷ്യമിടുന്നത്.മൂന്ന് മാസത്തിനകം കൊക്കോണിക്‌സ് പുതിയ ഉത്പന്നം വിപണിയില്‍ ഇറക്കും.ഇതോടൊപ്പം, പുറത്ത് നിന്നുള്ള നിര്‍മാണ കരാറുകളും ഏറ്റെടുക്കും.
സര്‍ക്കാര്‍ വകുപ്പുകളില്‍ 50 ശതമാനം കോക്കോണിക്‌സിന് മുന്‍ഗണന നല്‍കണമെന്നും ആറ് വര്‍ഷമെങ്കിലും സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കണമെന്നും കെല്‍ട്രോണ്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.ഇതുസംബന്ധിച്ച കെല്‍ട്രോണ്‍ സര്‍ക്കാറിന് സമര്‍പ്പിച്ച പുനഃസംഘടനാ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ നല്‍കിയിരിയിരുന്നത്.