ഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് മാസം മുന്‍പ് വരെ അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യന്‍ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക അനുസരിച്ച് അദാനി ഇപ്പോള്‍ 24-ാം സ്ഥാനത്താണ്.ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറിലേക്കെത്തി. ഫോര്‍ബ്‌സ് റിയല്‍-ടൈം ബില്യണയര്‍ സൂചിക പ്രകാരം 53 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവര്‍ത്തനങ്ങളും ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സുപ്രീം കോടതിയെ അറിയിച്ചു.
അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.
ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി മൂല്യം ഉയര്‍ത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്ന ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി.