കൊച്ചി: ഇറക്കുമതി ചെയ്യുന്ന വൈദ്യുത വാഹനങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനായി സമ്മര്‍ദ്ദം ശക്തമാക്കി വിദേശ കമ്പനികള്‍. ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിനായി ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യമാണ് ടെസ്ല അടക്കമുള്ള മുന്‍നിര കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ വിദേശത്ത് നിര്‍മ്മിക്കുന്ന 40,000 ഡോളറിലധികം വിലയുള്ള വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യ നൂറ് ശതമാനം ഇറക്കുമതി നികുതിയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് 33 ലക്ഷം രൂപയിലധികം വിലയുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇരട്ടി വില നല്‍കേണ്ടി വരും. ഈ വിലയില്‍ കുറവുള്ള വാഹനങ്ങള്‍ക്ക് ഇറക്കുമതി നികുതി 60 ശതമാനമാണ്.
വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചാല്‍ പുതിയ ഫാക്ടറിക്കായി 200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്നാണ് ആഗോള കമ്പനിയായ ടെസ്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇറക്കുമതി നികുതി പതിനഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് ടെസ്ലയുടെ ആവശ്യം.
അതേസമയം ഇന്ത്യയിലെ വൈദ്യുതി വാഹന വിപണിയിലെ മുന്‍നിരക്കാരായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഓല ഇലക്ട്രികും ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ്. ടെസ്ല ഉള്‍പ്പെടെയുള്ള വിദേശ ഭീമന്‍മാര്‍ക്കായി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്നത് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.