ന്യൂയോർക്ക്: അമേരിക്കയിലെ വലിയ കമ്പനികളെല്ലാം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. ആൽഫബെറ്റ്, ആമസോൺ, സിറ്റിഗ്രൂപ്പ്, ഈബെ, മാകീസ്, മൈക്രോസോഫ്റ്റ്, ഷെൽ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ്, വെഫെയർ കമ്പനികളാണ് തൊഴിലാളികളെ വെട്ടിക്കുറക്കുന്നതായി പ്രഖ്യാപിച്ചത്.പ്രഖ്യാപനത്തിന് പിന്നാലെ ഈ കമ്പനികളിലെ ഭൂരിഭാഗം ജീവനക്കാരും കടുത്ത ആശങ്കയിലാണ്.
ഇപ്പോഴിതാ 12000 തൊഴിലാളികളെ പിരിച്ചുവെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുനൈറ്റഡ് പാഴ്സൽ സർവീസും.അതെസമയം വർക് ഫ്രം ഹോം ചെയ്തിരുന്ന ജീവനക്കാർ എല്ലാവരോടും ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ കമ്പനികൾ തൊഴിലാളികളെ വ്യാപകമായി വെട്ടിക്കുറക്കുന്നത് തൊഴിൽരംഗത്ത് വലിയ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കമ്പനികൾ കൂടുതലായി ആശ്രയിക്കുന്നതാണ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിന്റെ കാരണങ്ങളിലൊന്ന്.
സമ്പദ്‌വ്യവസ്ഥ സമ്മിശ്ര സൂചനകൾ നൽകുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടലുകൾ വരുന്നത്. ഇതിനിടെ യു.എസിലെ തൊഴിലവസരങ്ങൾ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിനടുത്താണ് എന്നതും കൂടുതൽ കരുത്തുപകരുന്നു.
നിലവിലെ സാഹചര്യത്തിൽ ആരൊക്കെ ഭീഷണിയിലാണ് എന്നതിനെ കുറിച്ചും സൂചനയുണ്ട്. മിഡിൽ മാനേജ്മെന്റിനെയാണ് പല കമ്പനികളും ആദ്യം ലക്ഷ്യം വെക്കുക. ഇതൊരു കൊടുങ്കാറ്റാണെന്നും സൂനാമിയല്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെട്ടു.