മണപ്പുറം ഫിനാന്‍സിന്റെ ആസ്തികള്‍ മരവിപ്പിച്ച് ഇഡി, വിശദീകരണവുമായി സ്ഥാപനം

മണപ്പുറം ഫിനാന്‍സിന്റെ ആസ്തിവകകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു.

author-image
Web Desk
New Update
മണപ്പുറം ഫിനാന്‍സിന്റെ ആസ്തികള്‍ മരവിപ്പിച്ച് ഇഡി, വിശദീകരണവുമായി സ്ഥാപനം

തൃശൂര്‍: മണപ്പുറം ഫിനാന്‍സിന്റെ ആസ്തിവകകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു.

തൃശ്ശൂരില്‍ മണപ്പുറം ഫിനാന്‍സിന്റെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

നിയമവിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചെന്ന് ഇഡി കണ്ടെത്തി. റെയ്ഡിന് ശേഷമാണ് ഇഡി ആസ്തിവകകള്‍ മരവിപ്പിച്ചത്.

മണപ്പുറം ഫൈനാന്‍സിനെതിരെ നേരത്തെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടര്‍ നടപടികള്‍ നടത്തിയത്.

കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിന്റെ പ്രധാന ശാഖയിലും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. പി. നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.

മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയതായും സ്വര്‍ണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങള്‍ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, ഇഡി നടപടികളില്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി പി നന്ദകുമാറാണ് വിശദീകരണം നല്‍കിയത്. നന്ദകുമാറിനോടും കുടുംബത്തോടും ശത്രുതയുള്ള ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് ഇഡി നടപടിയെന്നും മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഇഡി നടപടി ബാധിച്ചിട്ടില്ലെന്നും നന്ദകുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ മണപ്പുറം അഗ്രോ ഫാമുകളുമായി (മാഗ്രോ) ബന്ധപ്പെട്ട് 10 വര്‍ഷം മുമ്പുള്ള വിഷയമാണെന്ന് ഈ കേസിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. ഇഡി അറ്റാച്ച് ചെയ്ത ഷെയറുകളുടെ ആകെ മൂല്യം ഏകദേശം 2,000 രൂപയാണെന്നും ചിലയിടങ്ങളില്‍ പരാമര്‍ശിക്കുന്നതുപോലെ 140 കോടി രൂപയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

business manappuram finance enforcement directorate