ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം 60,000 കരാർ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്.ഐ.ടി മേഖലയിലെ കരാർ അടിസ്ഥാന ജീവനക്കാരെ ജോലിക്കെടുക്കുന്നതിന്റെ അളവ് കമ്പനികൾ കുറച്ചിട്ടുണ്ടെന്ന് വിവിധ റിക്രൂട്ടിങ് ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു.ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന്റെ എണ്ണത്തിൽ 7.7 ശതമാനം കുറവ് വന്നിട്ടുണ്ട്.
ഐ.ടി മേഖലയിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിന്റെ അളവ് കുറവാണെന്നും ആഗോളതലത്തിൽ തന്നെ ഇക്കാര്യത്തിൽ പ്രതിസന്ധി നിലനിൽക്കുകയാണെന്നും 120ഓളം റിക്രൂട്ടിങ് ഏജൻസികളുടെ സംഘടനയായ ഇന്ത്യൻ സ്റ്റാഫിങ് ഫെഡറേഷൻ സാക്ഷ്യപ്പെടുത്തുന്നു.
ഐ.ടിയിൽ ആളുകളെ എടുക്കുന്നത് കുറവാണെങ്കിലും നിർമാണം, ലോജിസ്റ്റിക്സ്, റീടെയിൽ സെക്ടറുകളിൽ ഇപ്പോഴും നല്ല രീതിയിൽ തന്നെ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.കോവിഡിനെ തുടർന്ന് ഓൺലൈൻ ഷോപ്പിങ്,റിമോട്ട് വർക്കിങ് എന്നിവയിലൊക്കെ പുരോഗതിയുണ്ടായതോടെ ഐ.ടി മേഖലക്കും അത് ഗുണമായിരുന്നു.
എന്നാൽ ഇതിന് ശേഷം ജീവനക്കാർ ഓഫീസിലേക്ക് എത്താൻ തുടങ്ങിയതും റഷ്യ-യുക്രെയ്ൻ യുദ്ധവും മേഖലക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയാണ്.