നെടുമ്പാശ്ശേരി: അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതിയുടെ ഒരു മാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ സിയാലിന് ലഭിച്ചത് 478.21 കോടി രൂപ. നിലവിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെയാണിത് ലഭിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്.
25 രാജ്യങ്ങളില്‍ നിന്നായി 22,000-ത്തോളം പേരാണ് സിയാലിന്റെ നിക്ഷേപകര്‍. മൊത്തം ഓഹരികള്‍ 38 കോടി. ഒരു ഓഹരിയുടെ അടിസ്ഥാന മൂല്യം 10 രൂപയാണ്.
പൊതു വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സിയാലിന് അധികവിഭവ സമാഹരണത്തിനായി കമ്പനി നിയമം 62 (1) സെക്ഷന്‍ പ്രകാരം അവകാശ ഓഹരി നല്‍കാം. നിലവിലുള്ള അര്‍ഹരായ ഓഹരിയുടമകളില്‍ നിന്നാണ് അവകാശ ഓഹരി വഴി ധനസമാഹരണം നടത്തുന്നത്.
നാല് ഓഹരിയുള്ളവര്‍ക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് ഇത്തവണ അവകാശ ഓഹരി ലഭ്യമാക്കിയത്. 50 രൂപയാണ് അവകാശ ഓഹരിയുടെ വില നിശ്ചയിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാരാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍. 32.42 ശതമാനം ഓഹരിയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയില്‍ സര്‍ക്കാര്‍ 178.09 കോടി രൂപ മുടക്കുകയും 3.56 കോടി ഓഹരികള്‍ അധികമായി നേടുകയും ചെയ്തു. ഇതോടെ സര്‍ക്കാരിന്റെ മൊത്തം ഓഹരി 33.38 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ സിയാല്‍ മൂന്നു വന്‍കിട പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പയ്യന്നൂര്‍, അരിപ്പാറ വൈദ്യുത പദ്ധതികളും ബിസിനസ് ജെറ്റ് ടെര്‍മിനലുമാണ് ഇവ.
തുടര്‍വര്‍ഷങ്ങളില്‍ അഞ്ച് ബൃഹത് പദ്ധതികളാണ് സിയാലിനു മുന്നിലുള്ളത്. അന്താരാഷ്ട്ര ടെര്‍മിനലായ ടി3-യുടെ വികസനമാണ് അതില്‍ പ്രധാനം. എക്‌സ്പോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ട്രാന്‍സിറ്റ് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളും നടപ്പാക്കേണ്ടതുണ്ട്.