ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജ്യുടെക് കമ്പനി ബൈജൂസ് ബെംഗളൂരുവിലെ ആസ്ഥാന മന്ദിരം ഒഴികെയുള്ള ഓഫിസുകള്‍ ഒഴിയുന്നു. 14000 ജീവനക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും 300 ട്യൂഷന്‍ സെന്ററുകള്‍ പതിവു പോലെ പ്രവര്‍ത്തിക്കും. ബെംഗളൂരുവിലെ ആസ്ഥാനത്തു മാത്രമായി ആയിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 22 ശതകോടി ഡോളറില്‍ നിന്ന് 20 ദശലക്ഷം ഡോളറായി 99% മൂല്യം ഇടിച്ചതിനെ ചോദ്യം ചെയ്ത് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) നിക്ഷേപ പങ്കാളികള്‍ സമീപിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഇജിഎമ്മില്‍ (എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിങ്) ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനും ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാല്‍, തീരുമാനം ഉടനെ നടപ്പാക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശം നല്‍കി.