മുംബൈ: ആർ.ബി.ഐയുടെ വിലക്കിന് പിന്നാലെ പേടിഎം ഓഹരികളിലുണ്ടായത് വൻ ഇടിവ്. 20 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ലോവർ സർക്യൂട്ടിൽ ഓഹരിയൊന്നിന് 609 രൂപ എന്ന നിരക്കിലാണ് പേടിഎം വ്യാഴാഴ്ച എൻ.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. 20 ശതമാനം നഷ്ടമാണ് കമ്പനിക്കുണ്ടായത്. ജനുവരി 31ന് ഫിൻടെക് കമ്പനി 761 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേരത്തെ തന്നെ മ്യൂച്ചൽ ഫണ്ടുകൾ പേടിഎമ്മിലെ നിക്ഷേപത്തിന്റെ തോത് കുറച്ചിരുന്നു. 2023 ഡിസംബറിൽ മ്യൂച്ചൽ ഫണ്ട് കമ്പനികൾ പേടിഎമ്മിലെ നിക്ഷേപം അഞ്ച് ശതമാനത്തിൽ നിന്നും 2.79 ശതമാനമായാണ് കുറച്ചത്. ആർ.ബി.ഐ തീരുമാനം പേടിഎമ്മിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് നേരത്തെ തന്നെ ചില സാമ്പത്തിക വിദഗ്ദർ വിലയിരുത്തിയിരുന്നു.
പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തിൽ പറയുന്നു.
റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി.അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് തുടങ്ങിയവയിൽ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കി.