ന്യൂഡല്‍ഹി: റൈഡ്-ഷെയറിങ് പ്ലാറ്റ്ഫോമായ ഉബറുമായി സഹകരിക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് പാസഞ്ചര്‍ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറക്കുകയാണ് ലക്ഷ്യം. 2022-ല്‍ ആരംഭിച്ച അദാനി വണ്ണിന്റെ കീഴില്‍ ഉബര്‍ സേവനങ്ങള്‍ കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്. ഗൗതം അദാനി ഉബര്‍ സിഇഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തുകയും ഭാവിയില്‍ തന്റെ കമ്പനിയും ഉബറും തമ്മില്‍ സാധ്യമായ സഹകരണത്തെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു.
2040-ന് മുമ്പ് തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റിസ്ഥാപിക്കുമെന്ന് ഉബര്‍ പ്രഖ്യാപിച്ചു. സീറോ എമിഷന്‍ മൊബിലിറ്റിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഉബര്‍ പരിസ്ഥിതി സൗഹൃദ ഇവി സേവനമായ ഉബര്‍ ഗ്രീന്‍ ഡല്‍ഹിയില്‍ ആരംഭിച്ചു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ പരിവര്‍ത്തനം ഉള്‍പ്പെടെ വിവിധ ബിസിനസ് മേഖലകളില്‍ 10000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 10 ജിഗാവാട്ട് സോളാര്‍ ഉല്‍പ്പാദന ശേഷിയും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് വലിയ തോതിലുള്ള സോളാര്‍ ഫാമും നിര്‍മ്മിക്കാനും ബാറ്ററി സ്വാപ്പിങ്, ഇവി ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിക്ഷേപിക്കാനും കമ്പനികള്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.