ന്യൂഡല്‍ഹി: പ്രമുഖ യാത്രാ ഷെയറിംഗ് ആപ്പായ ഊബറിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്കും. നിലവില്‍ ലോകത്തെ 15 രാജ്യങ്ങളിലെ 100 നഗരങ്ങളിലുള്ള ഊബര്‍ ഗ്രീന്‍ 2023 ജൂണ്‍ മുതല്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങളില്‍ ഓടിത്തുടങ്ങും.
ലിഥിയം അര്‍ബന്‍ ടെക്‌നോളജീസ്, എവറസ്റ്റ് ഫ്‌ളീറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഊബറിന്റെ ആഗോള പങ്കാളിയായ മൂവ് എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ ഏഴ് നഗരങ്ങളില്‍ 25,000 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്ന് ഊബര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മറ്റു രാജ്യങ്ങളില്‍ ഊബര്‍ ഗ്രീന്‍ ഇലക്ട്രിക് വാഹനങ്ങളിലെ യാത്രയ്ക്ക് സാധാരണ വാഹനങ്ങളിലേതിനേക്കാള്‍ നിരക്ക് അല്‍പം കൂടുതലാണ്. ഇന്ത്യയിലും നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമോ എന്നു വ്യക്തമല്ല.
ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് സിപ്പ് ഇലക്ട്രിക്കുമായി ചേര്‍ന്ന്, 2024-ഓടെ ഡല്‍ഹിയില്‍ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഊബര്‍ പുറത്തിറക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുമായി മൈക്രോ വായ്പാ ദാതാക്കളായ സിഡ്ബിയുമായി കൈകോര്‍ത്ത് 10 ബില്യന്‍ രൂപ അനുവദിക്കും.