ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന സേവനം, കാര്‍ഡ് ഇല്ലാതെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കും. യുപിഐ വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി, കാലാവധി അടക്കമുള്ളവ ബാങ്കുകള്‍ക്ക് നിശ്ചയിക്കാമെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
നിലവില്‍ ബാങ്ക് അക്കൗണ്ടുമായോ റുപേയ് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചോ ആണ് യുപിഐ ഇടപാടുകള്‍. ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിനു പകരം ഇനി യുപിഐ തന്നെ ഒരു വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡായി പ്രവര്‍ത്തിക്കും. കാര്‍ഡ് ഉപയോഗിക്കുന്നതിനു പകരം ക്രെഡിറ്റ് തുക യുപിഐ വഴി വിനിമയം ചെയ്യാം.