ഒഞ്ചിയം: 2024 ഫെബ്രുവരി 13ന് വിപുലമായ ഉദ്ഘാടന ചടങ്ങോടെ ഒരുവര്‍ഷം നീളുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷത്തിന് തുടക്കമാകും. ആഘോഷത്തോടനുബന്ധിച്ച് പൊതുനിര്‍മാണങ്ങളുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനും തിരുമാനിച്ചു.
അന്താരാഷ്ട്ര സഹകരണ ഉച്ചകോടിയും സുസ്ഥിര നിര്‍മാണങ്ങളെപ്പറ്റി അന്താരാഷ്ട്ര ഗവേഷണ സെമിനാറും ഉള്‍പ്പടെ ഒരുവര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ക്കും സംഘാടകസമിതി യോഗം പ്രാഥമിക രൂപം നല്‍കി.
സൊസൈറ്റിയെയും ഗുരു വാഗ്ഭടാനന്ദനെയും ലോകത്തിന് പരിചയപ്പെടുത്താനുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സഹകരണ ഫെസ്റ്റിവല്‍, സഹകരണ പ്രദര്‍ശനം, ചരിത്രപ്രദര്‍ശനം, പുസ്തകോത്സവം തുടങ്ങിയ പരിപാടികള്‍ നടത്തും. ഇതില്‍
സൊസൈറ്റിയുടെ ചരിത്രം, ആഗോള തലത്തിലെ മറ്റു സഹകരണ മാതൃകകള്‍, നിര്‍മാണം, ടൂറിസം മേഖലകളിലെ മുന്നേറ്റം, സഹകരണമേഖലയെപ്പറ്റിയുള്ള ചര്‍ച്ചകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഉള്‍കാള്ളിക്കും. ഗവേഷണ ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും. രാജ്യത്തെയും ലോകത്തെയും സര്‍വകലാശാലകളില്‍ വാഗ്ഭടാനന്ദദര്‍ശനം പരിചയപ്പെടുത്തുന്ന സെമിനാറുകള്‍ നടത്തും.
തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട നിര്‍മാണം, മക്കള്‍ക്ക് രാജ്യത്തെ ഉന്നതവിദ്യാലയങ്ങളിലെ പ്രധാന കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ആരോഗ്യ സര്‍വേ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചു. യുഎല്‍ ടെക്‌നിക്കല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തുടങ്ങാനും തീരുമാനമുണ്ട്.