ഉത്തര്‍പ്രദേശില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി. 5ജി സേവനങ്ങള്‍, റീട്ടെയില്‍, ന്യൂ എനര്‍ജി ബിസിനസ്സ് തുടങ്ങി ടെലികോം ശൃംഖല വിപുലീകരിക്കുന്നതിനായാണ് നിക്ഷേപം.
തന്റെ ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ ജിയോ 2023 ഡിസംബറോടെ സംസ്ഥാനത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് യുപി ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ സമ്മിറ്റില്‍ സംസാരിക്കവെ അംബാനി പറഞ്ഞു.
കൂടാതെ, ഓയില്‍-ടു-ടെലികോം ശൃംഖല 10 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന ശേഷി കൈവരിക്കുകയും സംസ്ഥാനത്ത് ഒരു ബയോ എനര്‍ജി ബിസിനസ്സ് ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ പ്രാദേശിക അസന്തുലിതാവസ്ഥ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അതേസമയം നഗര-ഗ്രാമ ഇന്ത്യ തമ്മിലുള്ള വിഭജനം അവസാനിക്കുകയാണെന്നും അംബാനി പറഞ്ഞു.
'നിങ്ങളുടെ (പ്രധാനമന്ത്രിയുടെ) ദീര്‍ഘവീക്ഷണത്തിന് നന്ദി, പ്രാദേശിക അസന്തുലിതാവസ്ഥ അതിവേഗം അപ്രത്യക്ഷമാകുകയാണ്. ഉത്തര്‍പ്രദേശ് ഇതിന് ഒരു ഉജ്ജ്വല ഉദാഹരണമാണ്. നഗര ഇന്ത്യയും ഗ്രാമീണ ഭാരതവും തമ്മിലുള്ള വിഭജനവും അവസാനിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യ വളരെ ശക്തമായ വളര്‍ച്ചാപാതയിലാണെന്നും മുകേഷ് അംബാനി വ്യക്തമാക്കി.