ന്യൂഡെൽഹി: ഇന്ത്യൻ കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ പുതിയ സംരംഭം 'സ്വദേശ് സ്റ്റോർ' ആഗോള തലത്തിൽ മാർക്കറ്റ് ചെയ്യാനൊരുങ്ങി റിലയൻസ് കമ്പനി.
ഇന്ത്യയിൽ തുടങ്ങാനിരിക്കുന്ന 10 സ്റ്റോറുകളിൽ ആദ്യത്തേത് ബുധനാഴ്ച ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തു.റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയാണ് സ്റ്റോർ ഉദ്‌ഘാടനം ചെയ്തത്.
ഇന്ത്യയിലെ പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയാണ് 'സ്വദേശ്' സ്റ്റോറിന്റെ ലക്ഷ്യമെന്ന് നിത അംബാനി പറഞ്ഞു.ഇന്ത്യൻ കലാകാരന്മാരുടെ വൈദഗ്ധ്യവും കഴിവും ജനങ്ങൾക്ക് മുന്നിലേക്ക് സ്വദേശ് സ്റ്റോറുകളിലൂടെ എത്തുമെന്നും നിത അംബാനി പറഞ്ഞു.
ഇന്ത്യയിലെ കഴിവുറ്റ കരകൗശല വിദഗ്ധർ കൈകൊണ്ട് നിർമ്മിച്ച നിരവധി ഉൽപ്പന്നങ്ങളുടെ ഒരു ശേഖരം ഇവിടെയുണ്ട്. കൂടാതെ, സ്വദേശ് സംരംഭത്തിന്റെ ഭാഗമായി, റിലയൻസ് ഫൗണ്ടേഷൻ ആർട്ടിസാൻ ഇനിഷ്യേറ്റീവ് ഫോർ സ്‌കിൽ എൻഹാൻസ്‌മെന്റ് കേന്ദ്രങ്ങൾ ഇന്ത്യയിലുടനീളം സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.
കലാ വസ്തുക്കൾ, പെയിന്റിംഗുകൾ, ഫർണിച്ചറുകൾ, ഡൈനിംഗിനും അടുക്കളയ്ക്കുമുള്ള വീട്ടുപകരണങ്ങൾ സാരികൾ എന്നിങ്ങനെ വിവിധ പ്രോഡക്ടുകൾ സ്വദേശ് സ്റ്റോറിൽ ലഭിക്കും.
ഉൽപ്പന്നങ്ങളുടെ വിലവിവരങ്ങൾ റിലയൻസ് പുറത്തു വിട്ടിട്ടില്ലെങ്കിലും, മത്സരരംഗത്തുള്ള ടാറ്റയുടെ തനീറ, നല്ലി സിൽക്‌സ് തുടങ്ങിയവയ്ക്ക് വെല്ലുവിളിയാകും എന്നാണ് വിലയിരുത്തൽ.
വസ്ത്രങ്ങൾ, ഹോം ലിനൻ മുതൽ അലങ്കാര വസ്തുക്കൾ തുടങ്ങിയവ പ്രീമിയം വിലയിൽ നൽകുന്ന ഫാബ് ഇന്ത്യയ്ക്കും സ്വദേശ് പ്രധാന എതിരാളി ആകും.