വാഷിംഗ്ടണ്‍: പ്രമുഖ സോഷ്യല്‍ മീഡിയ ട്വിറ്റര്‍ വാങ്ങാന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്താല്‍ ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.
ട്വിറ്ററിലെ 7500 ജീവനക്കാരില്‍ 75 ശതമാനം പേരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നതായി ഇലോണ്‍ മസ്‌ക് ഭാവി നിക്ഷേപകരെ അറിയിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിച്ചുവിടല്‍ നടപടിയോടെ അടുത്ത വര്‍ഷം അവസാനത്തോടെ ശമ്പളച്ചെലവില്‍ 800 ദശലക്ഷം ഡോളര്‍ കുറവു വരുത്താന്‍ നിലവിലെ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഇതിന്ന് പിന്നാലെയാണ് പിരിച്ചുവിടല്‍ വാര്‍ത്ത വരുന്നത്.
വില്‍പന പാതിവഴിയില്‍ മുടങ്ങിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ കേസുമായി കോടതിയില്‍ എത്തിയപ്പോള്‍ ആദ്യം പറഞ്ഞ വിലയ്ക്ക് തന്നെ കമ്പനി വാങ്ങാമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. ഓഹരിക്ക് 54.20 ഡോളര്‍ എന്ന നിരക്കാണ് കരാര്‍ പ്രകാരം അംഗീകരിച്ചതെന്നാണ് ട്വിറ്റര്‍ പറയുന്നത്. ഒക്ടോബര്‍ 28 വരെ ട്വിറ്ററിന്റെ വാങ്ങല്‍ പൂര്‍ത്തിയാക്കാന്‍ ഇലോണ്‍ മസ്‌ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇടപാട് പുരോഗമിക്കുന്നു എന്നതിന്റെ സൂചനയായി ട്വിറ്റര്‍ ജീവനക്കാരുടെ ഇക്വിറ്റി റിവാര്‍ഡുകള്‍ നിര്‍ത്തി.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കലില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയത്.