ന്യൂഡല്‍ഹി: ഗൗതം അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഫോര്‍ബ്സിന്റെ തല്‍സമയ ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ അദാനിയെ പിറകിലാക്കിയത്.
നേരത്തെ 84.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 11-ാമത്തെ സ്ഥാനത്തായിരുന്നു. എന്നാല്‍ വമ്പന്‍ കുതിപ്പോടെ എല്‍വിഎംഎച്ച് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും ടെസ്ല സിഇഒ എലോണ്‍ മസ്‌കിനെയും പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ 121 ബില്യണ്‍ ഡോളറിന്റെ ആസ്തിയുടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അദാനി ഓഹരികള്‍ വിപണിയില്‍ കുത്തനെ ഇടിഞ്ഞു. 72 ബില്യണ്‍ ഡോളറോളം അദാനിക്ക് നഷ്ടമായി. ആരോപണങ്ങള്‍ ശക്തമായി തള്ളിക്കളഞ്ഞ് രംഗത്തെത്തിയെങ്കിലും അദാനി ഓഹരികളില്‍ ചാഞ്ചാട്ടം തുടരുകയാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, വെറും രണ്ട് വ്യാപാര സെഷനുകളില്‍ അദാനി ഗ്രൂപ്പിന് 50 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു, ചെയര്‍മാന്‍ ഗൗതം അദാനിക്ക് 20 ബില്യണ്‍ ഡോളറിലധികം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി.